
റഷ്യന്‍ വാതക പ്രതിസന്ധി: യുക്രെയ്‌നും സ്ലോവാക്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു
യുക്രെയ്‌നിലൂടെയുള്ള റഷ്യന്‍ വാതക കയറ്റുമതി നിലച്ചതിനെ തുടര്‍ന്ന് യുക്രെയ്‌നും സ്ലോവാക്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് സ്ലോവാക്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ 130,000 യുക്രെയ്‌നുകാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്ന് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ ഭീഷണിപ്പെടുത്തി.
ദശാബ്ദങ്ങളായി യുക്രെയ്‌നിലൂടെ മധ്യ യൂറോപ്പിന് റഷ്യ പ്രകൃതി വാതകം നല്‍കിയിരുന്ന പൈപ്പ്‌ലൈന്‍ യുക്രെയ്ന്‍ ജനുവരി 1-ന് അടച്ചിരുന്നു.
ഈ പൈപ്പ് ലൈനിന്റെ പ്രധാന പ്രവേശന കവാടം സ്ലോവാക്യ ആണ്. ട്രാന്‍സിറ്റ് ഫീസായി സ്ലോവാക്യയ്ക്ക് ലഭിച്ചിരുന്ന ലക്ഷക്കണക്കിന് യൂറോകള്‍ പൈപ്പ് ലൈന്‍ അടച്ചതിലൂടെ നഷ്ടമാകും. വിവിധ രാജ്യങ്ങളിലായി 6,813,900 യുക്രെയ്‌നുകാര്‍ അഭയാര്‍ത്ഥികളായി ഉണ്ട്. ഇതില്‍ 130,530 പേര്‍ സ്ലോവാക്യയിലാണെന്ന് യുഎന്നിന്റെ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു. ഡിസംബറില്‍ ഫിക്കോ റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തിയിരുന്നു.
യുക്രെയ്‌നിലേക്കുള്ള വൈദ്യുതി കയറ്റുമതി നിര്‍ത്തലാക്കുമെന്നും സ്ലോവാക്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന യുക്രെയ്‌നുകാര്‍ക്കുള്ള സഹായം കുറയ്ക്കുമെന്നും ഫിക്കോ പറഞ്ഞു. യുക്രെയ്‌നിലെ വൈദ്യുത നിലയങ്ങളെ റഷ്യ തുടര്‍ച്ചയായി ആക്രമിക്കുന്നത് വൈദ്യുതി ഉല്‍പാദനത്തെ ബാധിക്കുന്നുണ്ട്. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നത് മറ്റു രാജ്യങ്ങളുടെ സഹായത്തോടെയാണ്.
പൈപ്പ് അടച്ചത് മൂലം വാതക ക്ഷാമം സ്ലോവാക്യയില്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ബദല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നായി സ്ലോവാക്യയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന 500 മില്ല്യണ്‍ യൂറോകളുടെ വരുമാനം നിലയ്ക്കും.
പൈപ്പ് ലൈനിലൂടെ വാതകം കടത്തിവിടുന്നതിന് യുക്രെയ്‌നും റഷ്യയും തമ്മിലുളള കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വാതക കടത്ത് യുക്രെയ്ന്‍ അവസാനിപ്പിച്ചത്. എന്നാല്‍, വാതക കടത്ത് പുനരാരംഭിക്കുകയെന്നതാണ് സ്ലോവാക്യയെ സംബന്ധിച്ച് ഏക ബദല്‍ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.


