TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യന്‍, യുക്രെയ്ന്‍ ധാതുവിഭവങ്ങള്‍ യുഎസിന് നല്‍കാം: പുടിന്‍

25 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശത്തിലേയും റഷ്യയിലേയും ധാതു വിഭവങ്ങള്‍ യുഎസുമായി പങ്കുവയ്ക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യന്‍ സര്‍ക്കാരിന്റെ മാധ്യമ മായ റൂസ്യ 1ന് അനുവദിച്ച അഭിമുഖത്തിലാണ് പുടിന്‍ തന്റെ വാഗ്ദാനം മുന്നോട്ടുവച്ചത്.

റഷ്യയുമായുള്ള യുദ്ധത്തില്‍ സഹായമായി നല്‍കിയ പണത്തിന് പകരമായി ധാതുവിഭവങ്ങള്‍ നല്‍കണമെന്ന് യുക്രെയ്‌നുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കുമ്പോഴാണ് പുതിയ വാഗ്ദാനവുമായി പുടിന്‍ രംഗത്തെത്തിയത്. റഷ്യയുടെ പുതിയ പ്രദേശങ്ങളില്‍ ഖനനം നടത്താന്‍ അമേരിക്കയുമായി സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാനും തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു.

യുഎസിന് വിഭവങ്ങള്‍ നല്‍കാനുള്ള കരാര്‍ അന്തിമഘട്ടത്തില്‍ ആണെന്ന് യുക്രെയ്ന്‍ ഉപ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. കരാര്‍ വളരെ സൃഷ്ടിപരമാണെന്നും മിക്കവാറും എല്ലാ വിശദാംശങ്ങളും അന്തിമമായെന്നും യുക്രെയ്‌നിന്റെ ഉപ പ്രധാമന്ത്രിയായ ഓള്‍ഗ സ്‌റ്റെഫാനിയ എക്‌സില്‍ പോസ്റ്റ് ചെയ്തു.

റഷ്യയും യുഎസും ചേര്‍ന്ന് അലുമിനിയം ഖനനം ചെയ്യാമെന്നും അത് യുഎസിന് നല്‍കാമെന്നും പുടിന്‍ പറഞ്ഞു. വിദേശ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു.

യുക്രെയ്‌നുമേല്‍ യുഎസ് ചെലുത്തിയ സമ്മര്‍ദ്ദം ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയിരുന്നു.

അതേസമയം, വിഭവങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും ഒരുപോലെ ഗുണകരമായ കരാര്‍ യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തിലെ ക്രിട്ടിക്കല്‍ ധാതു വിഭവങ്ങളില്‍ 5 ശതമാനം യുക്രെയ്‌നില്‍ ആണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷത്തെ യുദ്ധത്തില്‍ കുറച്ച് ധാതു നിക്ഷേപങ്ങള്‍ റഷ്യ പിടിച്ചെടുത്തിട്ടുണ്ട്.


#Daily
Leave a comment