PHOTO | WIKI COMMONS
റെക്കോഡ് വെള്ളപ്പൊക്കത്തിന് സാക്ഷിയായി റഷ്യയിലെ യുറല്‍ പര്‍വതനിരകള്‍
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും തീവ്രമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യംവഹിച്ച് റഷ്യയിലെ യുറല്‍ പര്‍വതനിരകള്‍. അതിവേഗം ഉരുകുന്ന മഞ്ഞാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. യൂറോപ്പിലെ ഏറ്റവും വലിയ നദികളില്‍ ഒന്ന് കരകവിഞ്ഞൊഴുകുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്. യൂറോപ്പിലെ തന്നെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ യുറല്‍ നദിയിലാണ് മീറ്ററുകളോളം വെള്ളം പൊങ്ങിയത്. ഓര്‍സ്‌ക് നഗരത്തിലെ അണക്കെട്ട് പൊട്ടിത്തെറിക്കുകയും കൂടി ചെയ്തതിനെത്തുടര്‍ന്ന് റഷ്യയ്ക്ക് സമീപമുള്ള കസാക്കിസ്ഥാന്റെ ഒറെന്‍ബര്‍ഗ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുറല്‍ പര്‍വതനിരകളില്‍ നിന്ന് ഉയര്‍ന്ന് കാസ്പിയന്‍ കടലിലേക്ക് ഒഴുകുന്ന നദി, ഓര്‍സ്‌കില്‍ നിന്ന് 500,000 ത്തില്‍പ്പരം ആളുകള്‍ താമസിക്കുന്ന നഗരമായ ഒറെന്‍ബര്‍ഗില്‍ അപകടകരമായ നിലയിലെത്തിയതായും ഏപ്രില്‍ 10 ന് അത് അതിതീവ്ര അവസ്ഥയില്‍ എത്തുമെന്നും റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു. റഷ്യയിലുടനീളമുള്ള 10,400-ലധികം വീടുകള്‍ വെള്ളത്തിനടിയിലായി. യുറല്‍സ്, സൈബീരിയ, വോള്‍ഗ, സെന്‍ട്രല്‍ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വായു താപനിലയിലെ വര്‍ദ്ധനവും സജീവമായ മഞ്ഞ് ഉരുകലും, നദി തുറന്നുവിടലും മറ്റും പ്രതീക്ഷിക്കുന്നതായി റഷ്യന്‍ അടിയന്തര മന്ത്രാലയം അറിയിച്ചു. 39 പ്രദേശങ്ങളിലായി 10,400-ലധികം റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങളാണ് വെള്ളത്തിനടിയിലായത്.
മോസ്‌കോയില്‍ നിന്ന് 1,800 കി.മീ (1,100 മൈല്‍) കിഴക്കുള്ള ഓര്‍സ്‌കില്‍ ഒരാള്‍ വെള്ളത്തിലൂടെ ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുറല്‍ നദിയുടെ 9.46 മീറ്റര്‍ എന്ന മുന്‍ റെക്കോര്‍ഡ് ജലനിരപ്പ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒറെന്‍ബര്‍ഗ് മേയര്‍ സെര്‍ജി സാല്‍മിന്‍ പറഞ്ഞു. നിലവില്‍ 8.72 മീറ്ററാണ് നദിയിലെ ജലനിരപ്പ്. വെള്ളപ്പൊക്ക മേഖലയിലുള്ള എല്ലാവരും അവരുടെ വീടുകള്‍ വിട്ടുപോകണമെന്നും ഒഴിപ്പിക്കല്‍ വൈകരുതെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം അറിയിച്ചു. ഒറെന്‍ബര്‍ഗ്, കുര്‍ഗാന്‍, ത്യുമെന്‍ മേഖലകളിലെ വെള്ളപ്പൊക്കം നേരിടാന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.