
റുവാണ്ടന്‍ റബല്‍ ഭീഷണി: കോംഗോയില്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കും
കോംഗോയില്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രസിഡന്റ് ഫെലിക്‌സ് ഷിസേകെഡിയുടെ വക്താവ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യകളില്‍ റുവാണ്ടയുടെ പിന്തുണയുള്ള എം23 റബലുകളെ നേരിടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം നേരിടുകയാണ് ഫെലിക്‌സ്.
കിഴക്കന്‍ കോംഗോയിലെ ധാതു നിക്ഷേപങ്ങള്‍ എം23 റബലുകള്‍ പിടിച്ചെടുത്തത് പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഫെലിക്‌സ് സര്‍ക്കാര്‍ അധിക കാലം ഭരണത്തില്‍ തുടരില്ലെന്ന് പ്രതിപക്ഷം തുറന്ന് പറയാനും തുടങ്ങി.
അതേസമയം, ഭരണമുന്നണിയായ സേക്രഡ് യൂണിയന്‍ സഖ്യത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ആഭ്യന്തര തര്‍ക്കങ്ങളില്‍പ്പെട്ട് ശ്രദ്ധ മാറരുതെന്നും ഒരുമിച്ച് നിന്ന് ശത്രുവിനെ നേരിടണമെന്നും ഫെലിക്‌സ് സഖ്യത്തിന്റെ യോഗത്തില്‍ പറഞ്ഞു.
പ്രസിഡന്റ് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തിലെ നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരുമെന്നും വക്താവ് ടിന സലാമ പറഞ്ഞു. എന്നാല്‍, വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.
ഈ വര്‍ഷം വടക്ക്, തെക്ക് കിവു പ്രവിശ്യകളുടെ നിയന്ത്രണം കോംഗോയ്ക്ക് നഷ്ടമായി. ഇത് ഭരണകക്ഷിയുടെ സൈന്യത്തിന്റെ തന്ത്രത്തെക്കുറിച്ചുള്ള വിമര്‍ശനം രൂക്ഷമാക്കി.
നിലവിലെ പ്രതിസന്ധിക്ക് കാരണം ഫെലിക്‌സ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണെന്ന് പ്രതിപക്ഷത്തെ ഒരു നേതാവായ ഹെര്‍വെ ഡയാകിയേസ് പറഞ്ഞു. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തേയും ഹെര്‍വെ വിമര്‍ശിച്ചു.
തന്റെ അധികാരം സംരക്ഷിക്കാനാണ് ഫെലിക്‌സ് ശ്രമിക്കുന്നതെന്നും എന്നാല്‍ തങ്ങള്‍ ശ്രമിക്കുന്നത് കോംഗോയെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.


