
കിഫ്ബിയിൽ ഉടക്കി ശബരി പാത
നിർദ്ദിഷ്ട അങ്കമാലി-എരുമേലി-ശബരി റെയിൽ പാതയുടെ 50 ശതമാനം ചിലവ് വഹിക്കുന്നതിനായി കേരളം മുന്നോട്ടു വച്ച നിർദേശം ഒഴിവാക്കണമെന്ന് കേന്ദ്രം. പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കണമെങ്കിൽ കിഫ്‌ബി സമാഹരിക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ നിർദേശമാണ് അസ്വീകാര്യമെന്ന് റെയിൽവേ അറിയിച്ചിട്ടുള്ളത്. മൊത്തം 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ശബരി റെയിൽപാത. അതനുസരിച്ചു സംസ്ഥാനം 1905 കോടി രൂപ നൽകേണ്ടി വരും.
മഹാരാഷ്ട്രയും, റെയിൽവേയും തമ്മിലുള്ള കരാറിന്റെ മാതൃകയിൽ പദ്ധതി നടപ്പിലാക്കണമെന്നാണ് റെയിൽവേ നിർദേശിച്ചതെന്ന് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ്. 1990കൾ മുതൽ പരിഗണനയിലുള്ള പദ്ധതികളിൽ ഒന്നാണ് ശബരി പാത.
സംസ്ഥാന സർക്കാർ എടുക്കുന്ന കടത്തിന്റെ പരിധിയിൽ നിന്നും ഒഴിവായി കിട്ടുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്ന നിലയിലാണ് കിഫ്‌ബി വിഭാവന ചെയ്തത്. കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻകിട പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള പണം കിഫ്‌ബി വഴി സ്വരൂപിക്കാനായിരുന്നു പ്ലാൻ. എന്നാൽ, കിഫ്‌ബി വഴിയുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ മൊത്തം കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് കേന്ദ്ര നയം. ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. കിഫ്‌ബിയുടെ വായ്പ തിരിച്ചടവിന് സംസ്ഥാനം ഗ്യാരണ്ടി നൽകുന്നതിനാൽ അത് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുമെന്നാണ് കേന്ദ്രം വാദിക്കുന്നത്.


