
ശബരിമല സ്വർണ്ണപ്പാളി: പ്രത്യേക അന്വേഷണ സംഘം
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം അന്വേഷണത്തിനായി എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചു. 5 പേരടങ്ങിയ അന്വേഷണ സംഘത്തിനോട് ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണവുമായിസർക്കാർ പൂർണ്ണമായി സഹകരിക്കുമെന്നും ഉറപ്പു നൽകി. തീർത്ഥാടന കാലത്ത് ആവശ്യമായ സഹായ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് മാത്രമാണ് സർക്കാരിന്റെ ജോലി എന്നവകാശപ്പെട്ട വാസവൻ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനോ, ദേവസ്വം വകുപ്പിനോ ഒരു പങ്കുമില്ലെന്നും പറഞ്ഞു. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നും ബോർഡിനെ സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാകത്താനം സിഐ അനീഷ് ജോയ്, കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, കൊച്ചി സൈബര്‍ പൊലീസ് സി ഐ സുനില്‍ കുമാര്‍, പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശശിധരന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റുള്ള അംഗങ്ങൾ.
അതേ സമയം, ദേവസ്വം വിജിലൻസ്, കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ സ്വര്‍ണപ്പാളിയിൽ നിന്നും സ്വര്‍ണം കാണാതായതായി രേഖപ്പെടുത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. 2019-ൽ കൊണ്ടുപോയത് ദ്വാരപാലക ശിൽപ പാളികളും, രണ്ട് പാളികളുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഒന്നരക്കിലോ സ്വര്‍ണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്നതിൽ 394 ഗ്രാം സ്വര്‍ണം മാത്രമെന്നും വിജിലൻസ് റിപ്പോർട്ട് പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ശബരിമലയിലെ സ്വർണപ്പാളിയിലെ നഷ്ടത്തിന് ഉത്തരവാദികളായവരെ സർക്കാർ അന്വേഷിച്ച് കണ്ടുപിടിക്കുന്ന കാര്യത്തിൽ ഒട്ടും ഉപേക്ഷ ഉണ്ടാവില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ കെ ശൈലജ. വിഷയം വിജിലൻസ് അന്വേഷിക്കുകയാണെന്നും കാര്യം പുറത്തുപറഞ്ഞവർ തന്നെയാണ് ഇതിനു പിന്നിലെന്നും അവർ പറഞ്ഞു.


