TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

സാഫ് കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്, ഇന്ത്യ കുവൈത്തിനെ നേരിടും 

04 Jul 2023   |   2 min Read
TMJ News Desk

സാഫ് കപ്പ് ഫുട്ബോള്‍ കലാശ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. സാഫ് കപ്പില്‍ പതിമൂന്നാം ഫൈനല്‍ കളിക്കുന്ന ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് ഒന്‍പതാം കിരീടമാണ്. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. അന്ന് കളിയുടെ അവസാന മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ കുവൈത്തിനോട് സമനില വഴങ്ങുകയായിരുന്നു.

ഇന്ത്യ, ഫൈനലിലേക്കുള്ള വഴി

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളുകള്‍ അടിച്ച ഛേത്രി ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് എ യില്‍ കുവൈത്തിന് പിന്നാലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ടൂര്‍ണമെന്റ് ആരംഭിച്ചത്. സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അന്ന് ഹാട്രിക്ക് നേടിയപ്പോള്‍ ഉദാന്ത സിംഗിന്റെ പേരിലായിരുന്നു നാലാമത്തെ ഗോള്‍. രണ്ടാമത്തെ മത്സരത്തില്‍ നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സുനില്‍ ഛേത്രി നവോരേം മഹേഷ് സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു കുവൈത്തിനോട്. മത്സരം സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ്പില്‍ കുവൈത്ത് ഒന്നാമതും ഇന്ത്യ രണ്ടാമതും ഫിനിഷ് ചെയ്യുകയായിരുന്നു. നിശ്ചിത സമയവും അധിക സമയവും പിന്നിട്ട ലെബനനുമായുള്ള സെമി ഫൈനലില്‍  പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഇന്ത്യ 4-2 എന്ന സ്‌കോറിന് വിജയിക്കുകയും ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. മലയാളി താരങ്ങളായ സഹല്‍, ആഷിഖ് എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച ഫോമിലാണ്.

കുവൈത്ത്, ഫൈനലിലേക്കുള്ള വഴി 

ഇന്ത്യയോട് അവസാനം സമനില പിടിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഫൈനലിലേക്ക് കടന്ന കുവൈത്തിന്റെ ടൂര്‍ണമെന്റിലെ ആദ്യ മത്സരം നേപ്പാളിനോടായിരുന്നു. 3 -1 എന്ന ഗോള്‍ നിലയില്‍ ജയിച്ച കുവൈത്തിനായി ഖാലിദ് എല്‍ ഇബ്രാഹിം, ഷബീബ് അല്‍ ഖല്‍ദി, മുഹമ്മദ് അബ്ദുല്ല ദാഹം എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച രണ്ടാമത്തെ മത്സരത്തില്‍ മുബാറക് അല്‍ ഫനേനി രണ്ട് ഗോളുകളും ഹസാന്‍ അല്‍ എനേസി, ഈദ് നാസര്‍ അല്‍ റഷീദി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ബംഗ്ലാദേശുമായി നടന്ന സെമി ഫൈനലില്‍ കുവൈത്തിനായി ബുലൂഷി അധിക സമയത്ത് നേടിയ ഒരു ഗോളിന് വിജയിക്കുകയായിരുന്നു.


#Daily
Leave a comment