TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

വീഡിയോ ഗെയിം കമ്പനികൾക്കെതിരെ സമരത്തിനൊരുങ്ങി അമേരിക്കൻ ലേബർ യൂണിയൻ 

02 Sep 2023   |   2 min Read
TMJ News Desk

ടെലിവിഷൻ, സിനിമ കമ്പനികൾക്കെതിരെ സമരം തുടരുന്നതിനൊപ്പം വീഡിയോ ഗെയിം കമ്പനികൾക്കെതിരെയും സമരം ആരംഭിക്കാൻ തീരുമാനിച്ച് അമേരിക്കൻ ലേബർ യൂണിയൻ. സിനിമ, ടിവി അഭിനേതാക്കൾ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ, മോഡലുകൾ, പത്രപ്രവർത്തകർ, തുടങ്ങി മീഡിയ പ്രഫഷനലുകളെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ ലേബർ യൂണിയനായ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് - അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് (SAG-AFTRA) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ ഗെയിം അവതരിപ്പിക്കുന്നവർക്ക് നൽകുന്ന വേതനത്തിൽ 11 ശതമാനം വർദ്ധനവ് കമ്പനികളോട് ആവശ്യപ്പെട്ടതായും യൂണിയൻ അറിയിച്ചു.

കലാകാരന്മാരുടെ ജോലിയ്ക്കും കരിയറിനും ഭീഷണിയാണെന്ന നിരീക്ഷണത്തിൽ എഐ യിൽ നിന്നുള്ള സംരക്ഷണവും മികച്ച തൊഴിൽ സാഹചര്യങ്ങളും യൂണിയൻ ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ ടിവി ഫിലിം കമ്പനികൾക്കെതിരെ ഹോളിവുഡ് താരങ്ങൾ ജൂലൈ 13 മുതൽ സമരത്തിലാണ്.സിനിമ, ടിവി കമ്പനികൾക്കെതിരെ SAG-AFTRA  ഉന്നയിക്കുന്ന സമാന പ്രശ്‌നങ്ങളാണ് വീഡിയോ ഗെയിം കമ്പനികൾക്കെതിരെയും യൂണിയൻ ഉയർത്തുന്നത്.ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ, വ്യവസായത്തിലെ എഐ യുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം തിരക്കഥാകൃത്തുകളും മെയ്മാസത്തിൽ ജോലിയിൽ നിന്ന് പിന്മാറിയിരുന്നു.

ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം

ആഴ്ച്ചകളോളം നീണ്ട ചർച്ചകൾ പരാജയപ്പെട്ട ശേഷം മാസങ്ങളായി പണിമുടക്ക് തുടരുകയാണ്. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഹോളിവുഡിനെ സ്തംഭിപ്പിച്ച് എഴുത്തുകാരും അഭിനേതാക്കളും പണിമുടക്കുന്നത്. ഹോളിവുഡ് സിനിമ, ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കൻ സിനിമാ വ്യവസായം പ്രതിസന്ധിയിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീതി ഒഴിവാക്കി മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം അഭിനേതാക്കളും സമരത്തിന് ആഹ്വാനം ചെയ്തത്.

ചിത്രീകരണവും റിലീസിങും അവതാളത്തിൽ

1960 ൽ നടൻ റൊണാൾഡ് റീഗൻ നേതൃത്വം നൽകിയ ഹോളിവുഡ് സമരത്തിനുശേഷം ഇംഗ്ലീഷ് സിനിമാലോകം സ്തംഭിക്കുന്നത് ഇപ്പോഴാണ്. അമേരിക്കയിലെ ഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിർമാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണങ്ങളും നിലച്ചിരിക്കുകയാണ് നിലവിൽ. 

തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക മികച്ച വേതനം ആവശ്യപ്പെട്ട് മെയ് രണ്ടു മുതൽ പണിമുടക്കിലാണ്. സമരത്തെ തുടർന്ന് ദി ടുനൈറ്റ് ഷോ, എബിസിയുടെ അബോട്ട് എലിമെന്ററി, നെറ്റ്ഫ്ളിക്സിന്റെ സ്ട്രേഞ്ചർ തിങ്സ് എന്നിങ്ങനെയുള്ള ജനപ്രിയ പരിപാടികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ക്രിസ്റ്റഫർ നോളന്റെ  ചിത്രമായ ഓപ്പൺ ഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ ഷോയുടെ ചിത്രീകരണവും തടസ്സപ്പെട്ടിരുന്നു. 

വാൾട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് ഇൻക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി പുതിയ തൊഴിൽ കരാറിൽ എത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അഭിനേതാക്കൾ സമരം പ്രഖ്യാപിച്ചത്. തുടർന്ന് ക്രിസ്റ്റഫർ നോളന്റെ ചിത്രമായ ഓപ്പൺ ഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ, താരങ്ങളായ കിലിയൻ മർഫി, മറ്റ് ഡാമൺ, എമിലി ബ്ലണ്ട് എന്നിവർ ഉപേക്ഷിച്ചിരുന്നു. പ്രമുഖരായ എല്ലാ കമ്പനികളും ജൂൺ 18നുള്ളിൽ ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അഭിനയം, പാട്ട്, നൃത്തം, ആക്ഷൻ, മോഷൻ ക്യാപ്ചർ കലാകാരന്മാർ എന്നിവരെല്ലാം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

 

#Daily
Leave a comment