TMJ
searchnav-menu
post-thumbnail

TMJ Daily

സെയ്ഫ് അലി ഖാന്‍ അപകട നില തരണം ചെയ്തു; അന്വേഷണത്തിന് 7 പൊലീസ് സംഘങ്ങള്‍

16 Jan 2025   |   1 min Read
TMJ News Desk

മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ അപകട നില തരണം ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി പൊലീസ് ഏഴ് സംഘങ്ങളെ നിയോഗിച്ചു. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് അദ്ദേഹത്തിന് ഇന്ന് പുലര്‍ച്ചെ കുത്തേറ്റത്. അക്രമി ആറ് തവണ കുത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബാന്ദ്രയിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലെ പന്ത്രണ്ടാമത്തെ നിലയിലെ വീട്ടില്‍ വച്ച് പുലര്‍ച്ചെ 2.30ന് ആണ് മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തിയത്. ആറ് കുത്തുകളില്‍ ഒന്ന് നട്ടെല്ലിന് സമീപത്താണ് കൊണ്ടതെന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ലീലാവതി ആശുപത്രിയിലെ സിഒഒ ഡോ ഉത്തമണി പറഞ്ഞു.

ശസ്ത്രക്രിയക്കുശേഷം അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മക്കള്‍ സുരക്ഷിതരാണെന്ന് സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫോറന്‍സിക് സംഘം ഖാന്റെ വീട്ടിലെത്തി വിരലടയാളം അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്തു. വീട്ടുജോലിക്കാരില്‍ ആരെങ്കിലുമായി പരിചയമുള്ള ആളാകണം അക്രമിയെന്ന് പൊലീസ് സംശയിക്കുന്നു. കെട്ടിടത്തിലെ സിസിടിവി ദൃശ്യവും പൊലീസ് പരിശോധിച്ചു.

ഖാന്റെ മകന്‍ ജഹാംഗീറിന്റെ കിടപ്പുമുറിയില്‍ അജ്ഞാതനായ ഒരാളെ കണ്ടതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയായ അരിയാമ്മ ഫിലിപ്‌സ് എന്ന ലിമ അപകട അലാറം മുഴക്കിയപ്പോള്‍ ഖാന്‍ ആ മുറിയിലേക്ക് എത്തിയപ്പോള്‍ അക്രമി ആക്രമിക്കുകയായിരുന്നുവെന്ന് ബാന്ദ്ര പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വീട്ടുജോലിക്കാരിക്കും സംഭവത്തില്‍ പരിക്കേറ്റു.




#Daily
Leave a comment