
REPRESENTATIONAL IMAGE: WIKI COMMONS
ഗള്‍ഫിലേക്ക് കപ്പല്‍യാത്ര; സാധ്യതതേടി കേരള മാരിടൈം ബോര്‍ഡ്
ഗള്‍ഫിലേക്കും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും കപ്പല്‍യാത്രാ സാധ്യതതേടി കേരള മാരിടൈം ബോര്‍ഡ്. താല്‍പര്യമുള്ള കപ്പല്‍ കമ്പനികളില്‍ നിന്നും മാരിടൈം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ചു. ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് യാത്രകപ്പലുകളും ആഡംബര കപ്പലുകളും സര്‍വ്വീസ് നടത്താനാണ് കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചത്.
താല്‍പര്യം അറിയിക്കുന്ന കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുമെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. ഏപ്രില്‍ 22 വരെയാണ് അപേക്ഷിക്കാനുള്ള സമയം. സര്‍വ്വീസ് ആരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. മൂന്ന് ദിവസമാണ് ഗള്‍ഫിലേക്ക് കപ്പല്‍ യാത്ര നടത്താന്‍ വേണ്ടിവരുന്ന സമയം.
2001 ല്‍ ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്ക് യാത്രാകപ്പല്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടു തവണ സര്‍വ്വീസ് നടത്തിയ ശേഷം നിര്‍ത്തുകയായിരുന്നു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2009 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങി. കൗണ്‍സില്‍ അംഗങ്ങള്‍ പ്രമുഖ കപ്പല്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വിമാനങ്ങളിലെ ഉയര്‍ന്ന നിരക്കും കൂടുതല്‍ ചരക്ക് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യവും കപ്പല്‍ യാത്രയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നിരീക്ഷണം.