PHOTO: PTI
ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സ്ഥാനത്തു നിന്നും സാം ആള്‍ട്മാനെ പുറത്താക്കി
ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി ജനപ്രിയമായതോടെ കമ്പനി സിഇഒ സാം ആള്‍ട്മാന്‍ സാങ്കേതിക രംഗത്തെ പ്രധാന വ്യക്തികളില്‍ ഒരാളായി വളര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആള്‍ട്മാനെ പുറത്താക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ. സാം ആള്‍ട്മാനെ പുറത്താക്കിയതോടെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്്മാനും രാജിവെച്ചു. കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക സി.ഇ.ഒ ആയി നിയമിച്ചതായി കമ്പനി അറിയിച്ചു.
ആള്‍ട്മാന് സ്ഥിരതയില്ലെന്ന് കമ്പനി
സാം ആള്‍ട്മാനെ പുറത്താക്കിയതിന് കമ്പനി നല്‍കുന്ന ഔദ്യോഗിക വിശദീകരണം അദ്ദേഹം ബോര്‍ഡുമായുള്ള ആശയ വിനിമയത്തില്‍ സ്ഥിരത പുലര്‍ത്തിയില്ല എന്നാണ്. കമ്പനിയെ നയിക്കാനുള്ള ആള്‍ട്മാന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും പുറത്താക്കലിന് കാരണമായി ഓപ്പണ്‍ എഐ ചൂണ്ടിക്കാട്ടി. പുറത്താക്കലിനെ തുടര്‍ന്ന് 'ഓപ്പണ്‍ എഐയില്‍ ചിലവഴിച്ച എന്റെ സമയം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായ മാറ്റങ്ങള്‍ എന്നില്‍ അതുണ്ടാക്കി' എന്ന് ആള്‍ട്മാന്‍ പറഞ്ഞു.
രാജി അറിയിച്ച് ബ്രോക്മാന്‍
ആള്‍ട്മാനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സഹസ്ഥാപകരില്‍ ഒരാളായ ഗ്രെഗ് ബ്രോക്മാനും രാജിവെക്കുകയുണ്ടായി. 'ഞങ്ങള്‍ നിര്‍മ്മിച്ചെടുത്തതിലെല്ലാം എനിക്ക് ഏറെ അഭിമാനമുണ്ട്. നല്ലതും മോശവുമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പല വിഷമഘട്ടങ്ങള്‍ മറികടന്നുകൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്നത്തെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ രാജിവെക്കുകയാണ്' എന്ന് രാജി അറിയിച്ചുകൊണ്ട് ഗ്രെഗ് ബ്രോക്ക്മാന്‍ പറഞ്ഞു.
2015 ലാണ് ഓപ്പണ്‍ എഐയുടെ തുടക്കം. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സ്ഥാപനം. 2022 ല്‍ ചാറ്റ് ജിപിടി ലോഞ്ച് ചെയ്തതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ധനവുണ്ടായി. സാം ആള്‍ട്മാന്‍, ഗ്രെഗ് ബ്രോക്മാന്‍, റെയ്ഡ് ഫോഫ്മാന്‍, ജെസിക്ക് ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, എന്നിവര്‍ ചേര്‍ന്നാണ് ഓപ്പണ്‍ എഐക്ക് തുടക്കമിട്ടത്.