TMJ
searchnav-menu
post-thumbnail

സാം ആള്‍ട്ട്മാന്‍

TMJ Daily

ജീവനക്കാരുടെ പ്രതിഷേധം; ഓപ്പണ്‍ എഐ സിഇഒ ആയി സാം ആള്‍ട്ട്മാന്‍ തിരികെയെത്തുന്നു

22 Nov 2023   |   2 min Read
TMJ News Desk

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സാം ആള്‍ട്ട്മാന്‍ സിഇഒ സ്ഥാനത്തേക്ക് തിരികെയെത്തി. സാം ആള്‍ട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. കമ്പനിക്ക് ഇനി പുതിയ ഡയറക്ടര്‍ ബോര്‍ഡാകും ഉണ്ടാകുകയെന്നും ഓപ്പണ്‍ എഐ എക്‌സിലൂടെ വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ചയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കിയത്. ഇതിനുപിന്നാലെ ഓപ്പണ്‍ എഐ വിട്ട് മൈക്രോസോഫ്റ്റില്‍ ആള്‍ട്ട്മാന്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ രാജിയും ആള്‍ട്ട്മാന്റെ തിരിച്ചുവരവും ആവശ്യപ്പെട്ട് 770 ജീവനക്കാരാണ് രംഗത്തെത്തിയത്. ബോര്‍ഡ് അംഗങ്ങള്‍ രാജിവയ്ക്കാത്തപക്ഷം തങ്ങള്‍ രാജിവയ്ക്കുമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി. 

ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം

മുന്‍ സെയില്‍സ്‌ഫോഴ്‌സ് കോ-സിഇഒ ബ്രെറ്റ് ടെയ്‌ലര്‍, മുന്‍ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ്, ക്വോറ ആദം ഡി ആഞ്ചലോ എന്നിവരടങ്ങിയ പുതിയ ഡയറക്ടര്‍ ബോര്‍ഡിലേക്കാണ് സാം ആള്‍ട്ട്മാന്‍ സിഇഒ ആയി മടങ്ങിയെത്തുന്നത് എന്ന് കമ്പനി വ്യക്തമാക്കി. 

എഐ റിസര്‍ച്ച് ടീമിന്റെ ഭാഗമായാണ് സാം ആള്‍ട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനും വരുന്നതെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂടാതെ ഓപ്പണ്‍ എഐയിലെ നിരവധി ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമാകാന്‍ സജ്ജരാണെന്ന് അറിയിച്ചതായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറഞ്ഞിരുന്നു. 

2015 ലാണ് ഓപ്പണ്‍ എഐയുടെ തുടക്കം. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സ്ഥാപനം. 2022 ല്‍ ചാറ്റ് ജിപിടി ലോഞ്ച് ചെയ്തതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ തന്നെ വലിയ വര്‍ധനവുണ്ടായി. സാം ആള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്മാന്‍, റെയ്ഡ് ഫോഫ്മാന്‍, ജെസിക്ക് ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, എന്നിവര്‍ ചേര്‍ന്നാണ് ഓപ്പണ്‍ എഐക്ക് തുടക്കമിട്ടത്.

സുതാര്യമല്ലാത്ത ആശയവിനിമയം

ചാറ്റ് ജിപിടി, ഡാല്‍ ഇ തുടങ്ങിയ എഐ സാങ്കേതിക വിദ്യകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയായ ഓപ്പണ്‍ എഐ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് സിഇഒ സ്ഥാനത്തുനിന്ന് സാം ആള്‍ട്ട്മാനെ പുറത്താക്കിയത്. കമ്പനി ബോര്‍ഡുമായുള്ള ആള്‍ട്ട്മാന്റെ ആശയവിനിമയം സുതാര്യമല്ലെന്നും ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ആള്‍ട്ട്മാനെ പുറത്താക്കിയത്. കമ്പനിയെ നയിക്കാനുള്ള ആള്‍ട്ട്മാന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും പുറത്താക്കലിന് കാരണമായി ഓപ്പണ്‍ എഐ ചൂണ്ടിക്കാട്ടിയിരുന്നു.


#Daily
Leave a comment