TMJ
searchnav-menu
post-thumbnail

TMJ Daily

സംബാൽ വെടിവയ്പ്പ്; മരണം നാലായി, പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ഇടപെടണമെന്ന് രാഹുൽഗാന്ധി

25 Nov 2024   |   1 min Read
TMJ News Desk

യുപിയിലെ സംബാലിൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. വെടിയേറ്റ് ചികിത്സയിലായിരുന്ന 19 വയസുള്ള ആൺകുട്ടിയാണ് ഈ സംഭവത്തിൽ ഇന്ന് മരിച്ചത്.

സംബാലിലെ പ്രശ്നപരിഹാരത്തിനായി അടിയന്തിരമായി സുപ്രീം കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപി അധികാരം ഉപയോഗിക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങളെ സംരക്ഷിക്കാനല്ലെന്നും മുസ്ലീം- ഹിന്ദു ഭിന്നിപ്പ് ഉണ്ടാക്കാനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

സർവേക്കെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ സമാജ് വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ ബാർഖിനും പാർട്ടിയിലെ ഒരു എംഎൽഎയുടെ മകനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സർവ്വേയുടെ പേരിൽ സംഘർഷം നടത്താനുള്ള ഗൂഡാലോചനയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേട് മറയ്ക്കാനാണ് ബിജെപി സർക്കാർ അക്രമം സംഘടിപ്പിച്ചതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണറും അദ്ദേഹത്തിന്റെ സംഘത്തിലെ ആറ് അംഗങ്ങളും രണ്ടാം ഘട്ട സർവ്വേക്കായി പള്ളിയിൽ പ്രവേശിച്ചതിന് ശേഷമാണ് സംഘർഷമുണ്ടായത്. നവംബർ 19നാണ് കോടതി നിർദ്ദേശ പ്രകാരമുള്ള ആദ്യ സർവ്വേ നടക്കുന്നത്.



#Daily
Leave a comment