PHOTO: PTI
സ്വവര്‍ഗ വിവാഹം; നിയമപരമായി അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരണോ എന്ന കാര്യം പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്, പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കും. കോടതിക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയില്ല, കോടതി നിയമം നടപ്പിലാക്കും എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ഗി, ഡോ മേനക ഗുരുസ്വാമി, ഡോ അഭിഷേക് മനു സിങ്വി, ജയ്‌ന കോത്താരി, ഗീത ലുത്ര തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായി.
സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ച് ചീഫ് ജസ്റ്റിസ്
സ്വവര്‍ഗ ലൈംഗീകത നഗരസങ്കല്‍പ്പമോ വരേണ്യവര്‍ഗ സങ്കല്‍പ്പമോ അല്ല. തുല്യതയുടെ വിഷയമാണ്, ജീവിത പങ്കാളിയെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം അതിനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. അതിനാല്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നു എന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 21 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെയാണ് ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ വാദം കേട്ടത്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ പുരുഷനും സ്ത്രീയും എന്ന പ്രയോഗം വ്യക്തി എന്നും ഭര്‍ത്താവും ഭാര്യയും എന്നത് ദമ്പതിമാര്‍ എന്നുമാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.