
30 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി സാംസങ് ഇലക്ട്രോണിക്‌സ്
ലോകത്തെ സ്മാര്‍ട്ട്‌ഫോണുകളുടെയും ടിവികളുടേയും ചിപ്പുകളുടെയുമെല്ലാം ഉല്പാദകരായ സാംസങ് ഇലക്ട്രോണിക്‌സ് മുപ്പത് ശതമാനത്തോളം വിദേശതൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍മാരായ സാംസങ്, സെയില്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ നിന്നും പതിനഞ്ച് ശതമാനത്തോളം ആളുകളെയും ഭരണസംബന്ധമായ വിഭാഗങ്ങളില്‍ നിന്നും മുപ്പത് ശതമാനത്തോളം ആളുകളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. 2024ന്റെ അവസാനത്തോട് കൂടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി അമേരിക്ക, യൂറോപ്പ്, ഏഷ്യ കൂടാതെ ആഫ്രിക്ക എന്നിവിടങ്ങളിലെ തൊഴിലാളികളെ ബാധിക്കും. ഏത് രാജ്യമാണ് അല്ലെങ്കില്‍ കൃത്യം എത്ര ആളുകളെയാണ് പിരിച്ച് വിടാന്‍ പോവുന്നത് ഇപ്പോള്‍ വ്യക്തമല്ല. റോയ്‌റ്റേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തയുടെ ഉറവിടം രഹസ്യമായി കാത്തുസൂക്ഷിക്കുകയാണ്.
സാംസങ് പുറത്ത് വിട്ട സ്റ്റേറ്റ്‌മെന്റില്‍ ജോലിക്കാര്‍ക്കിടയില്‍ ക്രമീകരണങ്ങള്‍ കൊണ്ട് വരുന്നത് നിത്യേന നടക്കുന്ന നടപടിക്രമമാണെന്നും, തൊഴിലിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഇതിന് പുറകിലെ ലക്ഷ്യമെന്ന് പറയുന്നു. 2023ന്റെ അവസാനത്തെ കണക്കുകള്‍ പ്രകാരം 267800 ആളുകളാണ് സാംസങ്ങിനായി തൊഴിലെടുക്കുന്നത്. ഇതില്‍ പകുതിയിലധികവും വിദേശ തൊഴിലാളികളാണ്, അതായത് 147000ത്തിലധികം. നിര്‍മ്മാണതൊഴിലാളികളാണ് ഇവരില്‍ അധികവും. സെയില്‍സിലും മാര്‍ക്കറ്റിങ്ങിലുമായി 25100 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 27800 ആളുകള്‍ മറ്റു വിഭാഗങ്ങളില്‍ ജോലിയെടുക്കുന്നു. സാംസങ് ഇന്ത്യ ചില തൊഴിലാളികള്‍ക്ക് വേര്‍പെടുന്നതിനുള്ള നഷ്ടപരിഹാരം നേരത്തെതന്നെ അറിയിച്ചിട്ടുണ്ടെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി സാംസങ് ഇന്ത്യയിലെ 25000ഓളം തൊഴിലാളികളില്‍ 1000 പേരെങ്കിലും അതിനാല്‍ പുറത്താക്കപ്പെട്ടേക്കാം. ചൈനയിലെ സെയില്‍സ് വിഭാഗത്തില്‍ 30 ശതമാനത്തോളം ആളുകളെ പിരിച്ചുവിടുമെന്ന് സാംസങ് തൊഴിലാളികളെ ഈ മാസം അറിയിച്ചിരുന്നു.
ചിപ് നിര്‍മാണത്തിലെ നഷ്ടവും പ്രതിസന്ധികളുമാണ് ഇത്തരം ഒരു നടപടിയിലേക്ക് സാംസങ്ങിനെ നയിക്കുന്നതെന്ന് വിശ്വസിക്കുന്നു. തങ്ങള്‍ നിര്‍മ്മിക്കുന്ന ചിപ്പുകളുടെ പ്രവര്‍ത്തനം മോശമാവുന്നതിനാല്‍ സെമികണ്ടക്ടര്‍ ഡിവിഷന്‍ ഹെഡിനെ മാറ്റിയിരുന്നു, മറ്റു ചിപ്പ് നിര്‍മാതാക്കളില്‍ നിന്നും ശക്തമായ മത്സരമാണ് സാംസങ് നേരിടുന്നത്. പതിനഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലാഭമാണ് സാംസങ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ആപ്പിളിയുമായും ചൈനയിലെ ഹുവാവേയുമായും ശക്തമായ മത്സരം സാംസങ് നേരിടുന്നു. ആഗോള സാമ്പത്തിക രംഗത്തിന്റെ മെല്ലെപ്പോക്കും സാംസങ്ങിന്റെ നടപടികള്‍ക്ക് കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലവ് ചുരുക്കുന്നതിലൂടെ ലാഭം കൊയ്യുകയാണ് സാംസങ്ങിന്റെ ലക്ഷ്യം. സൗത്ത് കൊറിയയില്‍ ഇത് രാഷ്ട്രീയപരമായ വിഷയമായത് കൊണ്ടും അവിടെയുള്ള തൊഴിലാളികളെ പുറത്താക്കുന്നത് സാംസങ്ങിന് എളുപ്പമല്ല. സൗത്ത് കൊറിയയിലെ ഒരു തൊഴിലാളി സംഘടന മെച്ചപ്പെട്ട വേതനത്തിനും ആനുകൂല്യങ്ങള്‍ക്കുമായി അടുത്തയിടെ സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. പതിനാറ് മാസത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് ഓഹരി വിപണിയില്‍ സാംസങ്ങിന്റെ ഓഹരികള്‍ ഇപ്പോഴുള്ളത്.