
സാംസങ് ഗാലക്സി S25 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു
ഗാലക്സി S25, S25+ കൂടാതെ S25 അൾട്രാ അടങ്ങുന്ന പുതിയ ഗാലക്സി സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ‘ഗാലക്സി അൻപാക്ക്ഡ്’ എന്ന പരിപാടിയിലാണ് സാംസങ് ഫോണുകൾ അവതരിപ്പിച്ചത്. പരിപാടിയിൽ S25 എഡ്ജ് അല്ലെങ്കിൽ S25 സ്ലിം എന്ന ഫോൺ ഭാവിയിലുണ്ടാവുമെന്ന ടീസറും സാംസങ് പരിപാടിക്ക് ശേഷം അവതരിപ്പിച്ചു. ആപ്പിളും 2025ൽ സ്ലിം ഐഫോണുകൾ റിലീസ് ചെയ്യുമെന്ന് അഭ്യൂഹം നിലനിൽക്കുമ്പോഴാണ്, 2025ൽ തങ്ങളുടെയും സ്ലിം ഫോൺ പുറത്തിറക്കുമെന്ന് സാംസങ് പറയുന്നത്.
എക്സിനോസ് ചിപ്പുകൾ ഇല്ലാതെ ക്വാൽകോം ചിപ്പുകൾ മാത്രമാണ് ഇത്തവണ പുതിയ ഗാലക്സിയിൽ സീരീസ് സ്മാർട്ട്ഫോണുകളിൽ ഉള്ളത്. ഹാര്‍ഡ് വെയര്‍ ഡിസൈനിലും പ്രത്യേകിച്ച് പുതുമുകൾ ഒന്നും ഇല്ലെങ്കിലും, സോഫ്റ്റ് വെയറില്‍, പ്രത്യേകിച്ച് എ ഐ ഉപയോഗിച്ചു കൊണ്ടുള്ള പുതിയ ഫീച്ചറുകളാണ് S25ന്റെ പ്രത്യേകതകൾ. ആപ്പിളിനും മുൻപ് തന്നെ എ ഐ ഫീച്ചറുകൾ അവതരിപ്പിച്ച സാംസങ്ങിന് പക്ഷേ ഗ്ലോബൽ പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റിൽ കഴിഞ്ഞ വർഷം ആപ്പിളിനെ മറിക്കടക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ താഴത്തെ സെഗ്മെന്റിലെ ഫോണുകളിലേക്ക് വരുമ്പോൾ ചൈനീസ് ഫോണുകളുമായുള്ള മത്സരവും കനത്തതാണ്.
ഇന്ത്യയിൽ S25 സ്മാർട്ട്ഫോണുകളുടെ വില 80,999 രൂപയിലാണ് ആരംഭിക്കുന്നത്. S25+ 99,999 രൂപക്ക് ആരംഭിക്കുമ്പോൾ S25 അൾട്രാ 1,29,999 രൂപ മുതൽ ആരംഭിക്കും. ജനുവരി 23 മുതൽ ഫോണുകൾ പ്രീഓർഡർ ചെയ്യാൻ സാധിക്കും. ഫെബ്രുവരി 7നാണ് S25 ഫോണുകളുടെ വില്പന ആരംഭിക്കുന്നത്. പ്രിഓർഡർ ചെയ്യുമ്പോൾ മികച്ച എക്സ്ചേഞ്ച് നിരക്കുകൾ അടക്കം പല ആനുകൂല്യങ്ങളും സാംസങ് വെബ്സൈറ്റുകളിലൂടെയും സാംസങ് സ്റ്റോറുകളിലൂടെയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.