TMJ
searchnav-menu
post-thumbnail

TMJ Daily

നുണപ്രചരണം മനഃപൂര്‍വമോ? മോദിയോട് എംകെ സ്റ്റാലിന്‍

08 Sep 2023   |   2 min Read
TMJ News Desk

പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട് അമിത് ഷായും രാജ്‌നാഥ് സിങും ഉള്‍പ്പെടെയുള്ളവര്‍ നുണപ്രചരണം നടത്തുകയാണ്, ഈ നുണ പ്രധാനമന്ത്രിയും ഏറ്റുപറയുന്നു എന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. മനഃപൂര്‍വമാണോ നുണപ്രചരണം നടത്തുന്നത് എന്നും സ്റ്റാലിന്‍ മോദിയോട് ചോദിച്ചു. 
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് തക്കതായ മറുപടി കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒരു മതത്തേയും മോശമായി ചിത്രീകരിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല, ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയല്ല മുളയിലേ നുള്ളുകയാണ് വേണ്ടതെന്നും മോദി നിര്‍ദേശിച്ചു. 

സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം ഉദയനിധി സ്റ്റാലിന്‍ തിരുത്താന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയതോടെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ രൂക്ഷമായിട്ടുണ്ട്. ഡിഎംകെ ഒരുമതത്തിനും എതിരല്ലെന്നും, തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഉദയനിധി പറഞ്ഞു. 

കേസെടുത്ത് യുപി പൊലീസ്

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് യുപിയിലെ റാംപുര്‍ പൊലീസ് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെയും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ അഡ്വ. ഹര്‍ഷ് ഗുപ്ത, അഡ്വ. രാം സിങ് ലോധി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതുപോലെ, തമിഴ്നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദയനിധിയുടെ പരാമര്‍ശം വളച്ചൊടിച്ചു എന്ന ഡിഎംകെ നേതാവിന്റെ പരാതിയില്‍ തിരുച്ചിറപ്പള്ളി പൊലീസാണ് കേസെടുത്തത്. 

സനാതന ധര്‍മ്മവും വിവാദവും

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമാണുണ്ടാക്കിയത്. ഉദയനിധിയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. മനുഷ്യരെ തുല്യരായി കാണാത്ത ഏതുമതവും രോഗമാണെന്നാണ് വിഷയത്തില്‍ പ്രിയങ്ക് ഖാര്‍ഗെ പ്രതികരിച്ചിരുന്നത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് എന്നിവയെ ഉന്മൂലനം ചെയ്തതുപോലെ സനാതന ധര്‍മ്മത്തെയും ഉന്മൂലനം ചെയ്യണം എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ നടത്തിയ ഈ വിവാദ പരാമര്‍ശം വ്യാപകമായ എതിര്‍പ്പിനു കാരണമായി. 

നിരവധി ആളുകളാണ് ഉദയനിധിയെ എതിര്‍ത്തും അനുകൂലിച്ചും രംഗത്ത് വന്നത്. വിവേചനപരവും മനുഷ്യത്വരഹിതവുമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മ്മത്തിലുണ്ട്. ജാതി വിരുദ്ധ പോരാട്ടങ്ങളില്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേവാദമാണ് ഉന്നയിച്ചിട്ടുള്ളത്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ദുരുപയോഗം ചെയ്യുകയാണെന്നും ഉദയനിധി സ്റ്റാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാ രഞ്ജിത് എക്‌സില്‍ കുറിച്ചു. ഉത്തര്‍പ്രദേശിലെ സംഘപരിവാര്‍ അനുയായി പരമഹംസ ആചാര്യ ഉദയനിധിക്കെതിരെ വധഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഉദയനിധിയെ വധിക്കുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പരമഹംസ ആചാര്യ പറഞ്ഞു. ഉദയനിധിയെ തല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികള്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ പോസ്റ്റര്‍ പതിപ്പിച്ചു. വധഭീഷണി ഉയര്‍ന്നതോടെ ഉദയനിധിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.


#Daily
Leave a comment