
ബിജെപി വിട്ട് സന്ദീപ് വാരിയർ കോൺഗ്രസ്സിൽ; വെറുപ്പിന്റെ കോണിൽ നിന്ന് സമാധാനത്തിന്റെ കടയിലെത്തിയതായി സന്ദീപ്
ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു. ഏകാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്കാണ് വന്നതെന്ന് സന്ദീപ് പറഞ്ഞു. അംഗത്വമേറ്റേടുത്തതിന് ശേഷം ബിജെപി പാർട്ടിക്കേതിരെയും , സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേതിരെയും രൂക്ഷ വിമർശനമാണ് സന്ദീപ് വാരിയർ നടത്തിയത്. ബിജെപി ഏകാധിപത്യ സ്വഭാവമുള്ള പാർട്ടിയാണെന്ന് സന്ദീപ് പറഞ്ഞു. തിരിച്ചു കിട്ടിയത് ഒറ്റപ്പെടലും വേദനയും മാത്രമാണ്. എല്ലാ സമയത്തും പാർട്ടിയുടെ നെടുംതൂണായി നിന്നെങ്കിലും, തനിക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുകയായിരുന്നു. ഏകാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്കാണ് താൻ വന്നതെന്നും സന്ദീപ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം, പാലക്കാടുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയാണ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നത്. വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയം വിട്ട് സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും രാഷ്ട്രീയം സന്ദീപ് സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉൾപ്പെടെയുള്ള വിവിധ നേതാക്കളാണ് സന്ദീപിനെ സ്വീകരിച്ചത്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയിൽ ഏറെ നാളായി സന്ദീപ് ഇടഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടയിൽ പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ അപമാനിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിനിടയിൽ സന്ദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതായതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. സന്ദീപിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കൾ രംഗത്തെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സിപിഎമ്മിലോ സിപിഐയിലോ സന്ദീപ് ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.