TMJ
searchnav-menu
post-thumbnail

TMJ Daily

സന്ദീപ് വാര്യരെ ഉടൻ അറസ്റ്റ് ചെയ്യില്ല

10 Dec 2025   |   1 min Read
TMJ News Desk

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബ‍ർ അധിക്ഷേപം നടത്തി എന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ അറസ്റ്റ് തൽകാലം ഉണ്ടാകില്ല. കേസിൽ സന്ദീപിനെതിരെ പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിലാണ് സന്ദീപ് വാര്യർ ഉൾപ്പടെ 6 പേർ പ്രതികളായായിരിക്കുന്നത്. സന്ദീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15ന് വീണ്ടും പരിഗണിക്കും. താൻ പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ലെന്നും തന്റെ പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റ് മറ്റാരോ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം കുത്തിപ്പൊക്കിയതാണെന്നും മുൻകൂർ ജാമ്യഹർജിയിൽ സന്ദീപ് വാര്യർ പറഞ്ഞു.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവിൽ റിമാൻ‍ഡിൽ കഴിയുന്ന രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.


#Daily
Leave a comment