
യുവിക്കുശേഷം അനായാസം സിക്‌സ് അടിക്കുന്നത് സഞ്ജു സാംസണ്‍: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനുശേഷം അനായാസം സിക്‌സര്‍ നേടുന്ന താരം സഞ്ജു സാംസണ്‍ ആണെന്ന് മുന്‍ ഇന്ത്യന്‍താരം സഞ്ജയ് ബംഗാര്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതിലില്‍ അവസരം കാത്തുനില്‍ക്കുകയാണെന്നും ഇപ്പോഴാണ് സഞ്ജുവിന് ശരിയായ രീതിയില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നു. ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഏത് താരമായാലും മൂന്നോ നാലോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ മാത്രമേ സ്വതന്ത്രമായി തനത് ശൈലിയില്‍ കളിക്കാകൂവെന്നും ബംഗാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ടി20യില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സഞ്ജുവാണ്. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായി സെഞ്ച്വറികള്‍ സഞ്ജു നേടിയിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യയില്‍ വച്ച് ഒന്നും ദക്ഷിണാഫ്രിക്കയില്‍ വച്ച് രണ്ടും സെഞ്ച്വറികള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 13 മത്സരങ്ങളില്‍ നിന്നായി സഞ്ജു 436 റണ്‍സ് എടുത്തിരുന്നു. ഇന്ത്യ ജേതാക്കളായ ടി20 ലോകകപ്പില്‍ ടീമില്‍ ഇടം നേടിയിട്ടും സഞ്ജു ഒരു മത്സരം പോലും കളിച്ചിരുന്നില്ല.
ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ സംബന്ധിച്ച് ഒരു സാഹചര്യത്തിലും ആശങ്കയ്ക്ക് വകയില്ലെന്നും ആദ്യ ഓവറുകളിലെ ഫീല്‍ഡിങ് നിയന്ത്രണം അദ്ദേഹത്തിന് അനുകൂലമാണെന്നും ബംഗാര്‍ പറയുന്നു. തുടര്‍ച്ചയായി സിക്‌സുകള്‍ അടിക്കാന്‍ കഴിവുള്ള താരമായ സഞ്ജു ഫോമിലായാല്‍ ആ ബാറ്റിങ് കാണുന്നത് അഴകാണെന്നും ബംഗാര്‍ പറഞ്ഞു.