
ഐഐസിസി ടി20 റാങ്കിൽ കുതിച്ച് സഞ്ജു സാംസൺ
ടി20 യിൽ തുടർച്ചയായ കളികളിൽ സെഞ്ചുറി നേടിയതിന് പിന്നാലെ ഐഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു സാംസൺ. ബുധനാഴ്ച പുറത്ത് വന്ന റാങ്കിങിലാണ് സഞ്ജുവിന്റെ കിടിലൻ മുന്നേറ്റം. കഴിഞ്ഞ റാങ്കിങ് പുറത്ത് വന്നപ്പോൾ 66ാം സ്ഥാനത്തായിരുന്ന സഞ്ജു ഒറ്റയടിക്ക് 27 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇതോടെ ടി20 റാങ്കിങിൽ സഞ്ജു 39ാം സ്ഥാനത്തേക്കെത്തി. സഞ്ജുവിന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.
ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കെതിരെ സഞ്ജു നേടിയ തുടർച്ചയായ സെഞ്ചുറികളാണ് ഈ നേട്ടം സമ്മാനിച്ചത്. 50 പന്തുകളിൽ ഏഴ് ഫോറും 10 സിക്സും സഹിതം 107 റൺസാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20 യിൽ 11 ബൗണ്ടറികളുടെയും എട്ട് സിക്സറുകളുടെയും സഹായത്തോടെ 111 (47) റൺസ് സഞ്ജു നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ടി 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20 യിൽ പൂജ്യത്തിന് പുറത്തായില്ലെങ്കിൽ ഇതിലും മികച്ച സ്ഥാനം സഞ്ജുവിനെ നേടാമായിരുന്നു.
പുതിയ റാങ്കിങ് പുറത്ത് വന്നപ്പോൾ അന്താരാഷ്ട്ര ടി20 യിൽ നിന്ന് വിരമിച്ച രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും മറികടക്കാനും സഞ്ജുവിനായി. 537 റേറ്റിങ് പോയിന്റുമായാണ് സഞ്ജു 39ാം സ്ഥാനത്ത് നിൽക്കുന്നത്.