
ഷെയ്ന്‍ വോണിനെ മറികടന്ന് സഞ്ജു സാംസണ്‍
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി സഞ്ജു സാംസണിന് സ്വന്തം. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്.
62 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച സഞ്ജു 32 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ചു. വോണ്‍ 55 മത്‌സരങ്ങളില്‍ നിന്നും 31 വിജയങ്ങളാണ് നേടിയിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന്‍ വിജയിച്ചു. സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 205 റണ്‍സെടുത്തു. പഞ്ചാബിന് 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
45 പന്തില്‍ നിന്നും 67 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജോഫ്ര ആര്‍ച്ചറുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ആര്‍ച്ചറാണ് കളിയിലെ താരം. വിജയത്തിന്റെ റെക്കോര്‍ഡ് കുറിച്ച മത്സരത്തില്‍ സഞ്ജു 26 പന്തില്‍ 38 റണ്‍സ് നേടി. ലോക്കി ഫെര്‍ഗൂസണ്‍ ആണ് സഞ്ജുവിനെ പുറത്താക്കിയത്.
ഈ സീസണില്‍ രാജസ്ഥാന്റെ രണ്ടാം ജയവും പഞ്ചാബിന്റെ ആദ്യ തോല്‍വിയുമാണ്.