7236 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി കാനഡയില്‍
ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്നും വിദേശത്തേക്കു പുറപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ 2023 ലും കുറവുകളൊന്നും സംഭവിക്കില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. വിദേശ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന കൊച്ചിയിലെ ഒരു സ്വകാര്യ ഏജന്‍സി ശനിയാഴ്ച നടത്തിയ പ്രീ ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്ങ് പരിപാടിയില്‍ 7236 കുട്ടികളാണ് പങ്കെടുത്തത്. കാനഡയിലേക്കുള്ളതായിരുന്നു പരിപാടി.
പുറപ്പെടുന്നതിന് മുന്‍പ് കാനഡയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അഡ്മിഷന്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്ന പരിപാടിയാണ് പ്രീ ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്ങ്. ഇത്രയധികം വിദ്യാര്‍ത്ഥികളെ ഒറ്റ ദിവസം ഉപരിപഠനത്തിനായി അയക്കുന്നത് ഒരു ഏഷ്യന്‍ റെക്കോര്‍ഡ് ആണെന്ന് കൊച്ചിയിലെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. ടി. പി. ശ്രീനിവാസന്‍, മുന്‍ കേരള ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്, മുന്‍ ഹരിയാന ചീഫ് സെക്രട്ടറി ഡോ. ജി. പ്രസന്നകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. എം. പി. ജോസഫ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സാന്റമോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്.