
സാന്റോറീനി ഭൂമികുലുക്കം; ആഴ്ചകൾ നീണ്ട ഭൂചലനം കെട്ടിടനിർമ്മാണമേഖലയിലെ വർദ്ധനവിനെ തുറന്നുകാട്ടുന്നു
ഗ്രീസിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ സാന്റോറീനി ദ്വീപിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഉണ്ടായത് നൂറിലധികം ഭൂചലനങ്ങൾ. അഗ്നിപർവ്വത മേഖല കൂടെയായ സാന്റോറീനിയിൽ കഴിഞ്ഞ 10 വർഷത്തോളമായി ഉണ്ടായിട്ടുള്ള കെട്ടിടനിർമാണമേഖലയിലെ വർദ്ധനവിനെയാണ് ഭൂചലനത്തിന് കാരണമായി വിദഗ്ദ്ധർ പറയുന്നത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുകയാണ് ഗ്രീസ് ഭരണകൂടം. തുടർന്നും ഭൂചലനങ്ങൾ ഉണ്ടായേക്കും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഗ്നിപർവ്വത മേഖലയിലെ മണ്ണ് വളരെ മൃദുലവും അസ്ഥിരവുമായതുമാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് വൻകിട ആഡംബര ഹോട്ടലുകളുടെയും നീന്തൽകുളങ്ങളുടെയും നിർമ്മാണത്തെയും മറ്റും ചോദ്യം ചെയ്യുകയാണ് വിദഗ്ദ്ധർ. ഭൂചലനങ്ങൾ തുടർച്ചായി നടക്കുന്ന മേഖലയിൽ ഒരു നിർമ്മാണവും നടത്താൻ പാടില്ലായിരുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഗ്രീസ് ഭരണകൂടം സ്ഥലത്തെ സ്കൂളുകളെല്ലാം അടക്കുകയും, സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഗ്രീസിലെ വിനോദസഞ്ചാരമേഖലയിൽ ഉണ്ടായിട്ടുള്ള കുതിപ്പ് വെള്ളത്തിന്റെ ക്ഷാമത്തിനും, അമിതമായ ജനക്കൂട്ടത്തിനും കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് പ്രതിവർഷം സാന്റോറീനി പോലുള്ള അപകടകരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരത്തിന്റെ ഭാഗമായി എത്തിച്ചേരുന്നത്. ബിസി 1600ലെ അഗ്നിപർവ്വത സ്ഫോടനത്തിലാണ് സാന്റോറീനി എന്ന നഗരം ഉത്ഭവിച്ചത്. 1956ൽ വലിയൊരു ഭൂചലനത്തെയും സാന്റോറീനി നേരിട്ടിട്ടുണ്ട്. 1980കളിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ദ്വീപിൽ കെട്ടിടനിർമാണമേഖലയിൽ വർദ്ധനവുണ്ടായി തുടങ്ങിയത്.