
ഉപഗ്രഹ ഇന്റര്‍നെറ്റ്: മസ്‌കിന് മത്സരം മുറുകുന്നു
ഉപഗ്രഹ ഇന്റര്‍നെറ്റ് രംഗത്ത് ഇലോണ്‍ മസ്‌കിന് മത്സരം മുറുകുന്നു. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയുള്ള കമ്പനിയും ആമസോണ്‍.കോമിന്റെ സ്ഥാപകനായ ജെഫ് ബെസോസ് നിക്ഷേപിച്ചിട്ടുള്ള കമ്പനിയും മസ്‌കിന് ശക്തമായ വെല്ലുവിളി ആകുന്നു.
ചൈനയിലെ ഷാങ്ഹായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സെയില്‍ ബ്രസീലുമായി കരാറിലെത്തുകയും 30ഓളം രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. രണ്ട് മാസത്തിനുശേഷം കസാഖ്‌സ്താനിലും സ്‌പേസ് സെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാങ്ഹായ് മുന്‍സിപ്പല്‍ സര്‍ക്കാരാണ് സ്‌പേസ് സെയിലിനെ നിയന്ത്രിക്കുന്നത്.
അതേസമയം ബ്രസീല്‍ ബെസോസിന്റെ കുയ്പര്‍ ഇന്റര്‍നെറ്റ് സേവന പദ്ധതിയുമായും കാനഡയുടെ ടെലിസാറ്റുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
2020 മുതല്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തില്‍ (ലിയോ) ഉപഗ്രഹങ്ങളെ പ്രതിഷ്ഠിക്കുന്നുണ്ട്. ഭൂമിയില്‍ നിന്നും 2,000 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇത് ഡാറ്റ കൈമാറ്റം കാര്യക്ഷമമാക്കുന്നു. ഉള്‍പ്രദേശങ്ങളിലും സമുദ്രത്തില്‍ യാത്ര ചെയ്യുന്ന കപ്പലുകളിലും യുദ്ധ മുഖങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ ഇതിലൂടെ സാധിക്കും.
കഴിഞ്ഞ വര്‍ഷം ചൈന 263 ലിയോ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. മസ്‌കിന്റെ വാണിജ്യത്തോടും രാഷ്ട്രീയത്തോടും ബ്രസീലിന് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഇത് കാരണം സ്റ്റാര്‍ലിങ്കിന് എതിരാളികള്‍ വളരുന്നത് ബ്രസീലിനെ സന്തോഷിപ്പിക്കുന്നു.
സ്‌പേസ് സെയില്‍ ഈ വര്‍ഷം 648 ലിയോ ഉപഗ്രഹങ്ങളെ വിക്ഷേപിക്കും. 2030ഓടെ ഉപഗ്രഹങ്ങളുടെ എണ്ണം 15,000 ആകും. സ്റ്റാര്‍ലിങ്കിന് നിലവില്‍ 7,000 ഉപഗ്രഹങ്ങളാണുള്ളത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 42,000 ആയി വര്‍ദ്ധിപ്പിക്കാന്‍ സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നു.