
താമസ, തൊഴില്‍ ചട്ട ലംഘനം; സൗദി 18,407 പേരെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ സൗദി അറേബ്യ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 18,407 പേരെ അറസ്റ്റ് ചെയ്തു. സൗദി ഇന്ത്യയടക്കമുള്ള 14 രാജ്യക്കാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് അറസ്റ്റ് വിവരം പുറത്തുവന്നത്. ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ റദ്ദാക്കിയിട്ടുണ്ട്.
താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് 12,995 പേരെ അറസ്റ്റ് ചെയ്തത്. 3,512 പേര്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതിനും 1,900 പേര്‍ തൊഴില്‍ സംബന്ധിച്ച നിയമലംഘനങ്ങള്‍ക്കുമാണ് അറസ്റ്റിലായത്. സൗദിയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചവരില്‍ 66 ശതമാനം പേര്‍ എത്യോപ്പക്കാരും 28 ശതമാനം പേര്‍ യമനികളും 6 ശതമാനം പേര്‍ മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരും ആണ്.
അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് 67 പേര്‍ അറസ്റ്റിലായത്. നിയമലംഘകരെ ഒളിപ്പിച്ചതിന് അല്ലെങ്കില്‍ സഹായിച്ചതിന് 21 പേര്‍ അറസ്റ്റിലായി. രാജ്യത്തിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നതിന് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു മില്ല്യണ്‍ സൗദി റിയാല്‍ പിഴയും വാഹനങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്യും.