
ട്രംപ്- പുടിന്‍ ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയായേക്കും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയായേക്കും. പുടിനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനുശേഷം ട്രംപ് വെളിപ്പെടുത്തിയതാണ് ഇത്. ഒന്നര മണിക്കൂര്‍ നീണ്ട ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്ന്‍ യുദ്ധവും മറ്റ് വിഷയങ്ങളും ചര്‍ച്ചയായി.
വരുംമാസങ്ങളില്‍ പുടിനുമായി അനവധി കൂടിക്കാഴ്ച്ചകള്‍ നടക്കുമെന്ന് ട്രംപ് പറഞ്ഞു. അതില്‍ ആദ്യത്തേത് സൗദി അറേബ്യയില്‍ നടക്കും. പുടിന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്നും താന്‍ റഷ്യയിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു.
റഷ്യ സന്ദര്‍ശിക്കാന്‍ ട്രംപിനെ പുടിന്‍ ക്ഷണിച്ചുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. എന്നാല്‍, എപ്പോള്‍ ഈ യാത്ര നടക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചുവെന്ന് ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യയില്‍ അല്ലെങ്കില്‍ യുഎഇയില്‍ വച്ച് ഇരുനേതാക്കളും തമ്മിലുള്ള ഉച്ചകോടി പങ്കെടുക്കുമെന്ന് ഈ മാസമാദ്യം റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം റഷ്യന്‍ ഉദ്യോഗസ്ഥര്‍ യുഎസ് സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, ഈ വാര്‍ത്ത വന്നശേഷം ക്രെംലിനോ റിയാദോ അബുദാബിയോ പ്രതികരിച്ചിരുന്നില്ല. മയക്കുമരുന്ന് കള്ളക്കടത്ത് ആരോപണത്തില്‍ റഷ്യ തടവിലാക്കിയിരുന്ന യുഎസ് പൗരനായ മാര്‍ക്ക് ഫോഗെലിനെ സ്വതന്ത്രനാക്കുന്നതില്‍ ബിന്‍ സല്‍മാനും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിഇഒയുമായ കിരില്‍ ദിമിത്രേവും ഇടപ്പെട്ടിരുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. പകരം, യുഎസ് ക്രിപ്‌റ്റോ ബിസിനസുകാരനും കംപ്യൂട്ടര്‍ പ്രോഗ്രാമറുമായ അലെക്‌സാന്‍ഡ്രെ വിന്നിക്കിനെ വിട്ടയക്കാന്‍ ധാരണയായിട്ടുണ്ട്.