IMAGE: WIKI COMMONS
രാജ്യത്തെ 50 മഹാന്മാരുടെ പട്ടികയില്‍ സവര്‍ക്കറും; നെഹ്‌റു ഒഴിവാക്കപ്പെട്ടു
ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ രാജ്യത്തെ 50 മഹാന്മാരുടെ പട്ടികയില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ പുറത്താക്കി. പകരം പട്ടികയില്‍ ഇടംപിടിച്ചത് സവര്‍ക്കറും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയും.
രാജ്യത്തിനായി പരമമായ ത്യാഗമൊന്നും ചെയ്തിട്ടില്ലെന്നത് കൊണ്ടാണ് നെഹ്‌റുവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി പറയുന്നത്. സവര്‍ക്കറെയും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയെയും പോലുള്ള മഹത് വ്യക്തികളെ കുറിച്ച് പഠിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് നാം കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. തീവ്രവാദികളെ കുറിച്ചാണോ നമ്മള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
സവര്ക്കറുടേതുള്പ്പെട്ട മഹത് വ്യക്തികളുടെ ജീവചരിത്രം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത പാഠ്യവിഷയമാണെന്നും ജയിക്കാന്‍ അത്യാവശ്യമാണെന്നും എന്നാല്‍ ഇതിന്റെ മാര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തില്ലെന്നും യുപി ബോര്‍ഡ് സെക്രട്ടറി ദിബ്യകാന്ത് ശുക്ല വ്യക്തമാക്കി.
മഹാവീര്‍ സ്വാമി, രാജാറാം മോഹന്‍ റോയി, സരോജിനി നായിഡു മദന്‍ മോഹന്‍ മാളവ്യ, നാനാ സാഹേബ്, സുശ്രുതന്‍, ശങ്കരാചാര്യര്‍, ഛത്രപതി ശിവജി അടക്കമുള്ളവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലാണ് നെഹ്‌റുവിനെ ഒഴിവാക്കിക്കൊണ്ട് പട്ടിക പുനഃക്രമീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെയും മഹാന്മാരുടെയും ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നത് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനമായിരുന്നു.
മതേതര വിഷയങ്ങൾ മനപൂർവ്വം ഒഴിവാക്കിയോ?
പാഠപുസ്തകത്തിലെ അടിക്കടിയുള്ള വെട്ടിനിരത്തലുകള്‍ക്കു പിന്നാലെ തെലങ്കാനയിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്കുലര്‍ വാക്കുകളും അപ്രത്യക്ഷമായിരിക്കുകയാണ്. തെലങ്കാനയിലെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (SCERT) അച്ചടിച്ച സോഷ്യല്‍ സയന്‍സ് പുസ്തകത്തിന്റെ കവര്‍ പേജില്‍ നിന്നാണ് ഈ വാക്കുകള്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍, അശ്രദ്ധമൂലം വന്ന പിഴവാണെന്നാണ് എസ്‌സിഇആര്‍ടി ഡയറക്ടര്‍ എം രാധാ റെഡ്ഡി പറയുന്നത്.
തെലങ്കാന വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിനായി ജൂണ്‍ 20 ന് പുതിയ പുസ്തകങ്ങള്‍ വിതരണം ചെയ്തതിനു ശേഷമാണ് പിശക് ശ്രദ്ധയില്‍പ്പെട്ടത്. ഭേദഗതി വരുത്തിയ ആമുഖത്തിന്റെ ചിത്രം ഡൗണ്‍ലോഡ് ചെയ്യാനും തെറ്റായ ആമുഖമുള്ള പാഠപുസ്തകങ്ങളുടെ കവര്‍ പേജില്‍ ഒട്ടിക്കാനും സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും എസ്‌സിഇആര്‍ടി അധികൃതര്‍ അറിയിച്ചു.
അടിക്കടിയുള്ള സിലബസ് പരിഷ്‌കരണം എന്തിന് ?
വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരില്‍ എന്‍സിഇആര്‍ടി സിലബസില്‍ മാറ്റംവരുത്തുന്നത് ഇതാദ്യമല്ല. ഇപ്പോഴിതാ പത്താംക്ലാസിലെ പുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പീരിയോഡിക് ടേബിള്‍, ഊര്‍ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കുക അത്യാവശ്യമാണെന്ന വാദമാണ് എന്‍സിഇആര്‍ടി ഉയര്‍ത്തുന്നത്. അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്ന കാരണവും പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനു ന്യായീകരണമായി എന്‍സിഇആര്‍ടി പറയുന്നു.
2022-23 അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിനുശേഷം ഏതെങ്കിലും ഭാഗങ്ങള്‍ പുതുതായി വെട്ടിമാറ്റുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിഇആര്‍ടി പറഞ്ഞിരുന്നു. വിവിധ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ ലിസ്റ്റ് പുറത്തുവിട്ട സാഹചര്യത്തില്‍ നല്‍കിയ വിശദീകരണമായിരുന്നു അത്. എന്നാല്‍ പുതുതായി പുറത്തിറക്കിയ പാഠപുസ്തകങ്ങളിലാണ് വീണ്ടും വെട്ടിമാറ്റലുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഭയക്കുന്നത് എന്തിനെയൊക്കെ?
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റമാണ് പാഠ്യപദ്ധതിയില്‍ വരുത്തിയിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപം, മുഗള്‍ കാലഘട്ടവും ജാതിവ്യവസ്ഥയും, പ്രതിഷേധ സമരങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവയും പാഠ്യഭാഗങ്ങളിലെ ഒഴിവാക്കലുകളില്‍പ്പെടുന്നു.
ഹിന്ദുത്വവാദികള്‍ക്കിടയിലെ മഹാത്മാഗാന്ധിയുടെ ജനപ്രീതിയില്ലായ്മയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്തതും ഗാന്ധിജിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ആര്‍എസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനവും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ പരമ്പരാഗത ഇന്ത്യന്‍ ചരിത്രത്തിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുള്ള ഉള്ളടക്കവും പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി വെട്ടിമുറിക്കപ്പെട്ടു. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ഈ സമീപകാല മാറ്റങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചു.
മഹാത്മാ ഗാന്ധിക്കും മുഗള്‍ സാമ്രാജ്യത്തിനും പിന്നാലെ അബ്ദുള്‍ കലാം ആസാദിനെയും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കശ്മീര്‍ ലയനത്തിനുണ്ടായിരുന്ന ഉപാധിയെക്കുറിച്ചുള്ള പരാമര്‍ശവും നീക്കം ചെയ്തു. സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുള്‍ കലാം ആസാദിന്റെ പേരില്‍ നല്‍കിപ്പോന്ന സ്‌കോളര്‍ഷിപ്പും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
കൂടാതെ, ഏഴാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിലെ മുഗള്‍ സാമ്രാജ്യം എന്ന അധ്യായവും നീക്കം ചെയ്തവയില്‍പ്പെടുന്നു. ചക്രവര്‍ത്തിമാരായ ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസേബ് എന്നിവരുടെ ഭരണകാല നേട്ടങ്ങള്‍ വിവരിക്കുന്നതും നീക്കം ചെയ്തിട്ടുണ്ട്.
2002-2003 ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളെ ക്രൂരമായ അക്രമകാരികളായും മധ്യകാലഘട്ടം മുന്‍കാല ഹിന്ദു സാമ്രാജ്യങ്ങളുടെ തിളക്കത്തിന്മേല്‍ നിഴല്‍ വീഴ്ത്തിയ ഇസ്ലാമിക ആധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമായും ചരിത്രം തിരുത്തിയെഴുതി. 2004 ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഈ പുസ്തകങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
രാജ്യത്തുടനീളം 18 സംസ്ഥാനങ്ങളിലെ അഞ്ചുകോടിയിലധികം വിദ്യാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ, നീറ്റ്, എസ്എസ്സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളെയാണ് ആശ്രയിക്കുന്നത്.
ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പാഠപുസ്തകങ്ങളില്‍ നിന്ന് ഖലിസ്ഥാനി പരാമര്‍ശവും നീക്കാനൊരുങ്ങുകയാണ് എന്‍സിഇആര്‍ടി. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നാണ് ഖലിസ്ഥാന്‍ പരാമര്‍ശം നീക്കം ചെയ്യുക. 1973 ലെ ആനന്ദ്പൂര്‍ പ്രമേയം വിഘടനവാദത്തെയും ഖലിസ്ഥാനെയും പിന്തുണയ്ക്കുന്നു. ഖലിസ്ഥാന്‍ പരാമര്‍ശമുള്ള രണ്ടു വാക്യങ്ങള്‍ പാഠഭാഗത്തുനിന്ന് നീക്കാനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി പാഠ്യപദ്ധതിയെ യോജിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ അവ പഠിക്കുന്നതു നിയന്ത്രിക്കുന്നതുമാണ് പാഠപുസ്തക പരിഷ്‌കരണമെന്ന ആരോപണവും ശക്തമാണ്.