മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് | PHOTO: WIKI COMMONS
ഡ്രഡ്ജര്‍ അഴിമതിയില്‍ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി; അറസ്റ്റ് പാടില്ല
ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ തീരുമാനം. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്വേഷണം നടത്താമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തുടരന്വേഷണത്തിനു ഉത്തരവിട്ടത്. ജേക്കബ് തോമസിനായി അഭിഭാഷകന്‍ എ കാര്‍ത്തിക്, കേസിലെ മറ്റൊരു ഹര്‍ജിക്കാരനായി അഭിഭാഷകന്‍ കാളീശ്വരം രാജ് എന്നിവര്‍ ഹാജരായി. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
സര്‍ക്കാരിന് 20 കോടിയുടെ നഷ്ടം
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് ആരോപിച്ച് 2019 ലാണ് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തത്. ഹോളണ്ടിലെ കമ്പനിയില്‍ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്നു മറച്ചുവച്ചെന്ന് അപ്പീലില്‍ ആരോപിക്കുന്നു. കൂടാതെ ടെന്‍ഡര്‍ നടപടികളില്‍ ജേക്കബ് തോമസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അപ്പീലില്‍ പറയുന്നു. നെതര്‍ലാന്‍ഡ് കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം.
പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ജേക്കബ് തോമസ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പേ അദ്ദേഹം കമ്പനിയുമായി ആശയവിനിമയം നടത്തിയെന്നുമുള്ള ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
എന്നാല്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജര്‍ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരില്‍ മാത്രം എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.