PHOTO: PTI
ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി; ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുത്
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും കോടതി പറഞ്ഞു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം എന്താണെന്ന് അറിയാമോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ നടപടി ആശങ്ക ഉയര്‍ത്തുന്നുവെന്നും കോടതി പറഞ്ഞു.
നാല് ബില്ലുകളുടെ കാര്യത്തിലാണ് തീരുമാനമെടുക്കാനുള്ളതെന്ന് പഞ്ചാബ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. നിയമസാധുതയില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ബില്ലുകളില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. ഹര്‍ജി നവംബര്‍ 20 ലേക്ക് മാറ്റി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 12 ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അതേസമയം, ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ ഹര്‍ജിയുമായി വരുന്നതുവരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കണമെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു.
വെല്ലുവിളിയുമായി കേരള ഗവര്‍ണര്‍
സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കാന്‍ കേരള സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലൂടെ കേരളം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും സര്‍ക്കാര്‍ നിരവധി തവണ അതിരുകടന്ന് പെരുമാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്തെ താന്‍ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണമാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.