PHOTO: PTI
രാജ്യദ്രോഹക്കുറ്റം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് സുപ്രീംകോടതി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് സുപ്രീം കോടതി. അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് ഹര്‍ജി പരിഗണിക്കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ശിക്ഷാ നിയമം പൊളിച്ചെഴുതുകയാണെന്നും പാര്‍ലമെന്റ് ഇതില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ഹര്‍ജികള്‍ ഭരണ ഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഭരണഘടനാ ബെഞ്ചില്‍ അഞ്ചംഗങ്ങള്‍ ഉണ്ടാവണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഐപിസി 124 എ മരവിപ്പിച്ചുകൊണ്ട് 2022 മെയ് മാസത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഉചിതമായ സംവിധാനത്തില്‍ വിഷയം പുനഃപരിശോധന നടത്തുന്നതുവരെ നിയമം മരവിപ്പിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഐപിസി 124 എ പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി നിര്‍ത്തിവെയ്ക്കാനും കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു.
രാജ്യദ്രോഹക്കുറ്റം; ശിക്ഷ വര്‍ധിപ്പിച്ചു
ഓഗസ്റ്റ് 11 നാണ് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ പുതിയ ക്രിമിനല്‍ നിയമ ബില്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം നിര്‍വചിച്ച് ശിക്ഷ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പാണ് രാജ്യദ്രോഹക്കുറ്റത്തെ നിര്‍വചിക്കുന്നത്. ആരെങ്കിലും ആസൂത്രിതമായോ അറിഞ്ഞുകൊണ്ടോ, വാക്കുകളിലൂടെയോ, ആശയവിനിമയത്തിലൂടെയോ, ആംഗ്യത്തിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാര്‍ഗത്തിലൂടെയോ, സായുധ കലാപത്തിലൂടെയോ, വിഘടനവാദ പ്രവര്‍ത്തനത്തിനായി പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ അതില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ജീവപര്യന്തം ശിക്ഷയോ ഏഴ് വര്‍ഷം തടവും പിഴയും അനുഭവിക്കേണ്ടി വരും എന്ന് നിയമത്തില്‍ പറയുന്നു.