PHOTO: WIKI COMMONS
ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ശുപാര്‍ശ നല്‍കി കൊളീജിയം
23 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിന് ശുപാര്‍ശ നല്‍കി സുപ്രീം കോടതി കൊളീജിയം. തെലങ്കാന, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, അലഹബാദ് എന്നീ ഹൈക്കോടതികളില്‍ നിന്നും നാല് ജഡ്ജിമാരെയും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്ന് ജഡ്ജിമാരെയും മാറ്റാനാണ് നിലവില്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി കേസില്‍ അപ്പീല്‍ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാര്‍ശ. അതുപോലെ രാഹുലിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജി ഗീതാ ഗോപിയെ മദ്രാസിലേക്ക് മാറ്റും. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് സമീര്‍ ജെ ദാവെയെ രാജസ്ഥാനിലേക്കും, ജസ്റ്റിസ് അല്‍പേഷ് വൈ കോഗ്‌ജെയെ അലഹബാദിലേക്കും സ്ഥലം മാറ്റും. ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസില്‍ എഫ്‌ഐആര്‍ ഒഴിവാക്കാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനിന്ന ജഡ്ജിയാണ് സമീര്‍ ദാവെ.
ജസ്റ്റിസുമാരായ ജി അനുപമ ചക്രവര്‍ത്തി, മുന്നൂരി ലക്ഷ്മണ്‍, എം സുധീര്‍ കുമാര്‍ സി സുമലത എന്നിവരെ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് പട്‌ന, രാജസ്ഥാന്‍, മദ്രാസ്, കര്‍ണാടക എന്നീ ഹൈക്കോടതികളിലേക്ക് മാറ്റാനും ജസ്റ്റിസുമാരായ ശേഖര്‍ ബി സരഫ്, ലപിത ബാനര്‍ജി, ബിബേക് ചൗധരി എന്നിവരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് യഥാക്രമം അലഹബാദ്, പഞ്ചാബ്, ഹരിയാന, പട്‌ന എന്നീ ഹൈക്കോടതികളിലേക്ക് മാറ്റാനുമാണ് കൊളീജിയം ശുപാര്‍ശ.
കൊളീജിയം എന്ന സംവിധാനം
രാജ്യത്തെ സുപ്രീം കോടതികളിലെയും ഹൈക്കോടതികളിലെയും ന്യായാധിപന്മാരെ നിയമിക്കുന്നത് കൊളീജിയം എന്ന സംവിധാനത്തിലൂടെയാണ്. സുപ്രീം കോടതിയുമായി കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമാണ് നിയമനം. ഈ കൂടിയാലോചന എന്നത് ധാരാളം നിയമചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളതാണ്.
നിയമനങ്ങള്‍ക്കായി സുപ്രീം കോടതി കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിക്കുന്ന ജഡ്ജിമാരുടെ പാനല്‍, രാഷ്ട്രപതിയുടെ പരിഗണനക്ക് സമര്‍പ്പിക്കേണ്ടതില്ല എന്ന് 1981 ലെ ഫസ്റ്റ് ജഡ്ജസ് കേസ് എന്നറിയപ്പെടുന്ന കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ 1993 ലെ സെക്കന്റ് ജഡ്ജസ് കേസില്‍ സുപ്രീം കോടതി വ്യത്യസ്തമായ വിധിയാണ് പുറപ്പെടുവിച്ചത്, സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്ന പേരുകള്‍ അതുപോലെ സ്വീകരിച്ചേ മതിയാകു, അതില്‍ ഗവണ്മെന്റിനു മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്നാണ് കോടതി അന്ന് പറഞ്ഞിരുന്നത്. കൂടാതെ ജഡ്ജിമാരുടെ നിയമന കാര്യങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രണ്ട് മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന ഒരു കോളീജിയം രൂപീകരിക്കുകയും, കൊളീജിയം തീരുമാനിക്കുന്ന ജഡ്ജിമാരെ കേന്ദ്രഗവണ്മെന്റിന് നിരാകരിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.
1998 ലെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍ സുപ്രീം കോടതിയോട് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടതാണ് തേര്‍ഡ് ജഡ്ജസ് കേസ്. ഇതില്‍ കൊളീജിയം എന്നത് ചീഫ് ജസ്റ്റിസും നാല് സീനിയര്‍ ജഡ്ജസും അടങ്ങുന്ന ഒരു സമിതി ആക്കുകയും, കൊളീജിയം സമര്‍പ്പിക്കുന്ന ജഡ്ജസ് പാനലില്‍ കേന്ദ്ര ഗവണ്മെന്റിനു വിയോജിപ്പ് ഉണ്ടെങ്കില്‍ കോളീജിയത്തിന് ആ പേരുകള്‍ പുനഃപരിശോധനക്കായി തിരിച്ചയക്കാമെന്നൊരു വ്യവസ്ഥയും ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കൊളീജിയത്തിന് ആദ്യം നിര്‍ദ്ദേശിച്ച പേരുകള്‍ തന്നെ വീണ്ടും കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിക്കാവുന്നതാണ്. ഇതിനെ തുടര്‍ന്നാണ് 2014 ഇല്‍ 99-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഈ ഭേദഗതി പ്രകാരം രാജ്യത്തെ കൊളീജിയം സിസ്റ്റത്തിന് പകരം നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ (NJAC) രൂപീകരിക്കുകയുമാണ് ഉണ്ടായത്. ആറ് അംഗങ്ങള്‍ അടങ്ങുന്ന ഒരു സമിതിയാണ് അന്നത്തെ ഗവണ്മെന്റ് NJAC ക്ക് വേണ്ടി പ്രപ്പോസ് ചെയ്തത്. അതില്‍ സുപ്രീം കോടതി ചീഫ്ജസ്റ്റിസ്, സുപ്രീം കോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍, കേന്ദ്രത്തിലെ നിയമവകുപ്പ് മന്ത്രി എന്നിവരും, ബാക്കിവരുന്ന രണ്ട് അംഗങ്ങളെ നിയമിക്കുന്നതിനായി സുപ്രീം കോടതി ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷനേതാവ് എന്നിവരെ ഉള്‍പ്പെടുത്തി സമാന്തരമായി ഒരു കമ്മിറ്റി കൂടി രൂപീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ നിയമത്തെ ഭരണഘടന വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി റദ്ദ് ചെയ്യുകയും പഴയ കൊളീജിയം സിസ്റ്റം തന്നെ പുനഃസ്ഥാപിക്കുകയുമാണുണ്ടായത്.