സുപ്രീംകോടതി | PHOTO: PTI
വധശ്രമക്കേസ്: ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; സ്‌റ്റേ സുപ്രീംകോടതി റദ്ദാക്കി
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയില്‍ തിരിച്ചടി. എംപി കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കുമെന്നും ആറാഴ്ചയ്ക്കുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും കേരള ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
വിധി വരുന്നതുവരെ എംപി സ്ഥാനത്ത് തുടരാന്‍ മുഹമ്മദ് ഫൈസലിന് സുപ്രീംകോടതി അനുമതി നല്‍കി. കവരത്തി സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെയാണ് എതിര്‍ഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
മതിയായ കാരണങ്ങളില്ലാത്ത സ്‌റ്റേ
മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്നു കവരത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. ശിക്ഷാവിധി വന്നതിനു പിന്നാലെ കഴിഞ്ഞ ജനുവരി 13 നായിരുന്നു മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനവുമിറക്കിയത്.
കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിരെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 25 ന് അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2024 ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഭീമമായ പണച്ചിലവിന് വഴിയൊരുക്കുമെന്നും മറ്റ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്. ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി കണ്ടെത്തിയ കാരണം മതിയായതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.