TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അവതരണഗാന നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട നടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

09 Dec 2024   |   1 min Read
TMJ News Desk

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളെ അവതരണ ഗാനത്തിനുവേണ്ട നൃത്തം പരിശീലിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട നടിയെ വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ കലോത്സവ രംഗത്തിലൂടെ വളര്‍ന്ന് പ്രശസ്തയായ നടിയെ ഒഴിവാക്കിയെന്ന് വി ശിവന്‍കുട്ടി വെളിപ്പെടുത്തി. എന്നാല്‍, നടിയുടെ പേര് മന്ത്രി വെളിപ്പെടുത്തിയില്ല. 10 മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കുന്നതിനാണ് നടി 5 ലക്ഷം രൂപ ചോദിച്ചത്. നൃത്തം പഠിപ്പിക്കാമോയെന്ന് ആരാഞ്ഞപ്പോള്‍ നടി സമ്മതിച്ചിരുന്നു.

സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചത് കാരണമാണ് അവര്‍ സിനിമയിലെത്തിയതെന്നും ഇത്തരക്കാര്‍ പിന്‍തലമുറയിലെ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും മന്ത്രി പറഞ്ഞു. കുറച്ചു സിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നും, കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഇവര്‍ അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ തന്നെ ഇത് വേദനിപ്പിച്ചുവെന്നും ഇത്രയും വലിയ തുക നല്‍കി അവതരണ ഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകരെ ഉപയോഗിച്ച് അവതരണ ഗാനം പഠിപ്പിക്കും.

അടുത്ത വര്‍ഷം ജനുവരിയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. 16,000ത്തോളം കുട്ടികള്‍ കലോത്സവത്തിൽ പങ്കെടുക്കും.



#Daily
Leave a comment