TMJ
searchnav-menu
post-thumbnail

TMJ Daily

ചന്ദ്രനില്‍ ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍ 

16 Sep 2024   |   1 min Read
TMJ News Desk

മ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രനില്‍ നീല്‍ ആംസ്‌ട്രോങ്ങും ബസ്സ് ആല്‍ഡ്രിനും ഇറങ്ങിയതിനരികെ ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഭാവിയിലെ ബഹിരാകാശയാത്രക്കാര്‍ക്ക് താമസിക്കാന്‍ നൂറിലധികം ഗുഹകള്‍ ഉണ്ടായേക്കാമെന്നും നിഗമനം. അപ്പോളോ 11 ഇറങ്ങിയിടത്ത് നിന്നും 400 കിലോമീറ്റര്‍ അകലെയാണ് ഗുഹ കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഗവേഷണങ്ങളിലൂടെയാണ് ഗുഹ കണ്ടെത്താനായത്.

നാസയുടെ ലൂണാര്‍ റെക്കോണൈസ്സന്‍സ് ഓര്‍ബിറ്റ് റഡാര്‍ നടത്തിയ അളവെടുക്കലിലെ കണക്കുകളില്‍ നിന്നാണ് ഗുഹയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. നേച്ചര്‍ ആസ്‌ട്രോണമി എന്ന ജേണലിലാണ് ഗുഹയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. റഡാറിലെ വിവരങ്ങള്‍ നിലത്തെ കുഴിയുടെ തുടക്കത്തിലുള്ള ഭാഗത്തെക്കുറിച്ച് മാത്രമാണ്. 130 അടി വീതിയും 10 അടിയോളം നീളവും ഗുഹയ്ക്കുണ്ടാവുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. 

''ചന്ദ്രനിലെ ഗുഹകള്‍ 50 വര്‍ഷത്തോളമായി നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. അവ നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനായതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്", ട്രെന്റോ യൂണിവേഴ്‌സിറ്റിയിലെ ലിയനാഡോ കാരറും ലോറന്‍സോ ബ്രസ്സോണും ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ മിക്ക കുഴികളും പ്രാചീന ലാവ സമതലപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. നാസയുടെ അടുത്ത ദശാബ്ദത്തിലെ ലാന്‍ഡിംഗ് പ്രദേശമായ ദക്ഷിണധ്രുവത്തിലും ഗുഹകളുണ്ടാവാമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. സ്ഥിരമായി തണലുള്ള ഗുഹാമുഖങ്ങളില്‍ റോക്കറ്റ് ഇന്ധനത്തിനും കുടിവെള്ളത്തിനുമായുള്ള തണുത്തുറഞ്ഞ വെള്ളം ഉണ്ടാവാമെന്നും, സൂക്ഷിക്കാനാവുമെന്നും കരുതപ്പെടുന്നു. 

സമാനമായിട്ടുള്ള നൂറിലധികം ഗുഹകളും, ആയിരത്തിലധികം ലാവ ട്യൂബുകളും ചന്ദ്രനിലുണ്ടാവുമെന്നും ഇത്തരത്തിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോസ്മിക് രശ്മികളില്‍ നിന്നും സൗരവികിരണങ്ങളില്‍ നിന്നും ബഹിരാകാശയാത്രക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ചന്ദ്രനിലെ ഗുഹകള്‍ക്കു സാധിക്കും. ചെറിയ ഉല്‍ക്കകളില്‍ നിന്ന് പോലും സംരക്ഷണം ഒരുക്കാന്‍ ഇത്തരത്തിലുള്ള ഗുഹകള്‍ കൊണ്ട് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ചന്ദ്രനില്‍ കെട്ടിടനിര്‍മ്മാണം ഒരുപാട് സമയമെടുക്കുന്നതും വെല്ലുവിളികള്‍ നിറഞ്ഞതുമായിട്ടുള്ള പ്രക്രിയയാണ്. ഗുഹകളില്‍ നിന്ന് കണ്ടെടുക്കാന്‍ സാധ്യതയുള്ള പാറകളില്‍ നിന്നും, കല്ലുകളില്‍ നിന്നും ചന്ദ്രന്റെ പരിണാമത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ചന്ദ്രനിലെ അഗ്‌നിപര്‍വ്വതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഈ വസ്തുക്കള്‍ സഹായകമാകും.  

നാസയുടെ അപ്പോളോ പ്രോഗ്രാമിലൂടെ 12 പേരാണ് ചന്ദ്രനില്‍ കാലുകുത്തിയിട്ടുള്ളത്. ജൂലൈ 20, 1969ലാണ് ആദ്യമായി ചന്ദ്രനില്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും കാലുകുത്തിയത്.



#Daily
Leave a comment