.jpg)
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ശില്‍പി അറസ്റ്റില്‍
മഹാരാഷ്ട്രയിലെ രാജ്‌കോട്ട് കോട്ടയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ശില്‍പിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തയെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്‍പത് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജ് പ്രതിമ ഓഗസ്റ്റ് 26 ന് തകര്‍ന്ന് വീണിരുന്നു. പ്രതിമ തകര്‍ന്നതിന് ശേഷം ശില്‍പി ഒളിവില്‍ പോയി. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 24 കാരനായ ശില്‍പ്പിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വലിയ പ്രതിമകള്‍ നിര്‍മിച്ച് പരിചയമില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ക്ഷമ ചോദിച്ചിരുന്നു. പ്രതിമ തകര്‍ന്നത് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇത്രയും വലിയ പ്രതിമ നിര്‍മിക്കാന്‍ പരിചയക്കുറവുണ്ടായിട്ടും ആപ്തെയ്ക്ക് എങ്ങനെയാണ് കരാര്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു. അതേസമയം, പദ്ധതിക്കായി സംസ്ഥാന ട്രഷറിയില്‍ നിന്ന് 236 കോടി രൂപ അനുവദിച്ചിട്ടും ഒന്നര കോടി രൂപ മാത്രമാണ് പ്രതിമ നിര്‍മാണത്തിന് ചെലവഴിച്ചതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ആരോപിച്ചു.