ഡി വൈ ചന്ദ്രചൂഢ് | Photo: PTI
മുദ്രവച്ച കവര്‍ നീതിക്ക് നിരക്കാത്തത്, അത് അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്
കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറിലാക്കി കോടതിക്ക് കൈമാറുന്ന രീതി നീതിക്ക് നിരക്കാത്തതാണെന്നും, അത് അവസാനിപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. വിരമിച്ച സൈനികര്‍ക്ക് ഒറ്റ റാങ്ക് ഒറ്റ പെന്‍ഷന്‍ (OROP) ബാധകമാക്കിയ വിധി നടപ്പാക്കുന്നതിലെ കാലതാമസം ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി, കേസുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറിലാക്കി ബെഞ്ചിനു കൈമാറാന്‍ തുനിഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് തടഞ്ഞു. വിവരം സ്വകാര്യ സ്വഭാവമുള്ളതാണ് എന്ന് അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി. എന്നാല്‍, കോടതിയുടെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ എന്താണ് ഇത്ര രഹസ്യം എന്ന് ബെഞ്ച് ചോദ്യമുയര്‍ത്തി. മാത്രമല്ല, മുദ്രവച്ച കവറില്‍ രേഖകള്‍ നല്‍കുന്നതിന് താന്‍ എതിരാണെന്നും, മറുപക്ഷത്തില്‍ നിന്ന് വിവരം മറച്ചുവെക്കുന്ന രീതി നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രത്യേക പരിഗണന അവകാശപ്പെടുമ്പോള്‍, അത് നല്‍കണോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അറ്റോര്‍ണി ജനറല്‍ കവറിലെ ഉള്ളടക്കം തുറന്ന കോടതിയില്‍ വായിക്കുകയായിരുന്നു. ഒരേ റാങ്കില്‍ സേവനം ചെയ്തു വിരമിച്ച സൈനികര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് 2022 മാര്‍ച്ചിലാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. 2019 ജൂലൈ 1 മുതലുള്ള പെന്‍ഷന്‍ മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ സമയപരിധി പിന്നീട് 2023 മാര്‍ച്ച് വരെ നീട്ടിനല്‍കി. എന്നാല്‍, അതിനുശേഷം പ്രതിരോധ മന്ത്രാലയം സ്വയം സമയം നീട്ടി ഉത്തരവിറക്കി. ഇത് ശ്രദ്ധയില്‍പെട്ട കോടതി അതൃപ്തി പ്രകടിപ്പിക്കുകയും പ്രതിരോധ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് താക്കീത് നല്‍കുകയും ചെയ്തു. നിലവില്‍, കൊടുത്തു തീര്‍ക്കാനുള്ള പെന്‍ഷന്‍ കുടിശ്ശിക ഗഡുക്കളായി കൊടുക്കാന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുകയാണ്.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയവുമായി ബന്ധപ്പെട്ട കേസിലും സര്‍ക്കാര്‍ നല്‍കിയ മുദ്രവച്ച കവര്‍ ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു. കോടതി രൂപീകരിക്കുന്ന അന്വേഷണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പേരുകളാണ് സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിച്ചത്. നടപടി സുതാര്യതയ്ക്ക് എതിരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് അന്ന് വിസമ്മതിച്ചത്. എന്നാല്‍, ഇത്തവണ കൂടുതല്‍ ശക്തമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കേസ് ഡയറി പോലുള്ള രേഖകളുടെ കാര്യത്തിലും, വിവരത്തിന്റെ ശ്രോതസ്സിനെ സംരക്ഷിക്കുന്നതിനും, ആരുടെയെങ്കിലും ജീവനെ ബാധിക്കുന്ന കാര്യങ്ങളിലും മാത്രമേ രഹസ്യാത്മകത പാടുള്ളൂ എന്നാണ് ചീഫ് ജസ്റ്റിസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.