അമൃത്പാൽ സിങിനായി തിരച്ചിൽ തുടരുന്നു; പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ് സിഖ് യോഗം വിളിച്ചു ചേർക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് പഞ്ചാബിലെ എല്ലാ പൊലീസുകാരുടേയും അവധി റദ്ദാക്കി. ഈ മാസം 14 വരെയുള്ള അവധി റദ്ദാക്കിയതായാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. അമൃത്പാൽ സിങിനായി തിരച്ചിൽ തുടരുകയാണ്.
ഈ മാസം 14-ന് ബൈശാഖി ദിനത്തിൽ ബത്തിൻഡയിൽ 'സർബത് ഖൽസ' സമ്മേളനം വിളിച്ചുകൂട്ടാൻ സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോട് അമൃത്പാൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടേയും ലീവ് റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവ് ഉത്തരവിറക്കി. മുൻകൂട്ടി അനുവദിച്ച ലീവുകളും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം പ്രത്യക്ഷപ്പെട്ട വീഡിയോ സന്ദേശത്തിൽ ബൈശാഖിയിലെ സമ്മേളനത്തിന് മുന്നോടിയായി അമൃത്‌സറിലെ അകാൽ തഖ്തിൽ നിന്ന് ബത്തിൻഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാൽ അകാൽ തഖ്തിന്റെ മേധാവികളോട് ആവശ്യപ്പെട്ടിരുന്നു.