PHOTO: PTI
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം വെട്ടി; ആരോപണവുമായി കോണ്‍ഗ്രസ്
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്കു നല്‍കിയ ഭരണഘടനയുടെ പുതിയ പതിപ്പിലെ ആമുഖത്തില്‍ 'മതേതരത്വം' ഒഴിവാക്കിയെന്ന് ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന ഭാഗം തങ്ങള്‍ക്കു നല്‍കിയ ഭരണഘടനയുടെ പതിപ്പില്‍ ഉണ്ടായിരുന്നില്ലെന്ന് എഎന്‍ഐ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ആശങ്കാജനകം
ഇത് വളരെ അധികം ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. 1976 ലെ ഭേദഗതി പ്രകാരമാണ് സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന വാക്കുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആരെങ്കിലും ഭരണഘടന കൈമാറുമ്പോള്‍ അതില്‍ ഈ വാക്കുകള്‍ ഉള്‍പ്പെടാതിരിക്കുന്നത് ആശങ്കാകരമാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതാണ്, വളരെ കൗശലപൂര്‍വമാണ് ഇത് ചെയ്തിരിക്കുന്നതെന്നും ചൗധരി വ്യക്തമാക്കി.
1949 ഒക്ടോബര്‍ 17 നാണ് ഭരണഘടനാ അസംബ്ലി ആമുഖവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്കെടുക്കുന്നത്. പിന്നീട് 1946 ഡിസംബര്‍ 13 ന് ഭരണഘടനാ അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറാക്കിയ ലക്ഷ്യപ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം. 1947 ജനുവരി 22 ന് ഇത് അസംബ്ലി അംഗീകരിക്കുകയും 1949 നവംബര്‍ 26 ന് സ്വീകരിക്കുകയും 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വരുകയും ചെയ്തു. പരമാധികാരം, സെക്കുലര്‍, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ തത്വശാസ്ത്രങ്ങളാണ് ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്നത്. 1976 ലെ ഭേദഗതി പ്രകാരമാണ് സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന വാക്ക് ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.