REPRESENTATIONAL IMAGE: FACEBOOK
റേഷന്‍കടകളില്‍ മോദി ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍; സംസ്ഥാനത്ത് ബാനറുകളും ബോര്‍ഡുകളും എത്തി
പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയുടെ ലോഗോ അടങ്ങുന്ന ബാനറും സംസ്ഥാനത്ത് എത്തി. സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബാനറുകള്‍ എത്തിയിരിക്കുന്നത്.
ഏവര്‍ക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം, മോദി സര്‍ക്കാരിന്റെ ഉറപ്പ് എന്ന് വാഗ്ദാനം ചെയ്യുന്ന ബാനറുകളും ബോര്‍ഡുകളുമാണ് സംസ്ഥാനത്തെ ഫുഡ് കോര്‍പറേഷന്‍ ഇന്ത്യയുടെ ഗോഡൗണുകളില്‍ എത്തിയിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ ബോര്‍ഡുകള്‍ എത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കേന്ദ്രത്തിന്റെ പ്രചാരണ നടപടിയാണ് നിര്‍ദ്ദേശത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
സെല്‍ഫി ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തോടുകൂടിയ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കഴിഞ്ഞദിവസമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭക്ഷ്യസെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഈ കാര്യം വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. തിരഞ്ഞെടുക്കപ്പെട്ട കടകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല, മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചിഹ്നവും പ്രധാനമന്ത്രിയുടെ ചിത്രവും പ്രിന്റ് ചെയ്ത സഞ്ചി റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.