
മുതിർന്ന കോൺഗ്രസ്സ് നേതാവ് ശിവരാജ് പാട്ടീൽ അന്തരിച്ചു
മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ(91) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ ഇന്ന് രാവിലെ 6.30-ഓടെയായിരുന്നു അന്ത്യം. രാജ്യത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ പാട്ടീൽ ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിലും ശിവരാജ് പാട്ടീൽ നൽകിയ സംഭാവനകൾ വലുതാണ്. മഹാരാഷ്ട്രയിലെ ലാത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് 1980ലാണ് ആദ്യമായി ലോക്‌സഭയിലും ദേശീയ രാഷ്ട്രീയത്തിലും എത്തുന്നത്. പിന്നീട് 7 തവണ തുടർച്ചയായി ലാത്തൂരിൽ വിജയിച്ചു. 2004ൽ ബിജെപിയുടെ രൂപതായ് പാട്ടീൽ നിലങ്കേക്കറിനോട് പരാജയപ്പെടുകയും രാജ്യസഭ അംഗമാവുകയും ചെയ്തു.
2004ൽ യുപിഎ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ശിവരാജ് പാട്ടീൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായി നിയമിതനായി. 2008 വരെ സ്ഥാനത്ത് തുടർന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും സുരക്ഷാ വീഴ്ചകളുമെല്ലാം ചൂണ്ടിക്കാട്ടി സ്വയം രാജിവെച്ചു. തുടർന്ന് 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായും സേവനം അനുഷ്ഠിച്ചു. ലോക്‌സഭയിൽ എത്തുന്നതിന് മുമ്പ്, 1972 മുതൽ 1979 വരെ മഹാരാഷ്ട്ര നിയമസഭാംഗമായും 1991 മുതൽ 1996 വരെ ലോക്‌സഭാ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളിൽ പല നിർണായക വകുപ്പുകളിൽ പാട്ടീൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ചിട്ടുള്ള നെഹ്റു–ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പാട്ടീൽ ഭരണകൂടത്തോടും പാർലമെന്റിനോടും അത്യന്തം നീതി പുലർത്തിയ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി അനുശോചന കുറുപ്പിൽ പറഞ്ഞു.


