
സെന്‍സെക്‌സ് 900 പോയിന്റുകള്‍ ഇടിഞ്ഞു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ആറാം ദിവസവും തകര്‍ച്ച. സെന്‍സെക്‌സ് 900 പോയിന്റുകള്‍ ഇടിഞ്ഞു. പുതിയ ആദായ നികുതി നിയമവും ആഗോള തലത്തിലെ ആശങ്കകളും ആണ് തകര്‍ച്ചയ്ക്ക് കാരണമായത്. നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയുടെ വിപണി മൂല്യം 408.5 ലക്ഷം കോടി രൂപയില്‍ നിന്നും 400.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇന്ന് മാത്രം എട്ട് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ആദായ നികുതി നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം മുന്‍കരുതല്‍ എടുത്തതാണ് ഇന്നത്തെ ഇടിവിന് ഒരു കാരണം. പുതിയ നിയമം അവതരിപ്പിക്കുമെന്ന് ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കില്ലെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ കോണ്‍ഗ്രസിന് മുന്നില്‍ സത്യവാങ്മൂലം നല്‍കിയതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പനയ്ക്ക് കാരണമായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായി വില്‍പന നടത്തുകയാണ്. ഒക്ടോബര്‍ മുതല്‍ 2.8 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്.
യുഎസ് പ്രസിഡന്റ് ട്രംപ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മറ്റ് രാജ്യങ്ങളുടെ മേല്‍ തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് തുടരുന്നതും ഇന്ത്യന്‍ വിപണിയില്‍ ആശങ്കയ്ക്ക് കാരണമായി.
കഴിഞ്ഞ മൂന്ന് അര്‍ദ്ധപാദങ്ങളിലായി ഇന്ത്യന്‍ കമ്പനികള്‍ക്ക് ലാഭം കുറയുന്നതും ഓഹരി വില്‍പനയ്ക്ക് കാരണമായി.