സെന്തിൽ ബാലാജി | PHOTO: PTI
സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രി; ഗവർണറെ എതിർത്ത് തമിഴ്‌നാട് സർക്കാർ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി നിലനിർത്തും. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാം എന്ന് തമിഴ്‌നാട് സർക്കാർ ഇതു സംബന്ധിച്ചു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിലപാടിനെ എതിർത്താണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബാലാജി മന്ത്രിയായി തുടരുന്നത് ഗവർണർ ആർ എൻ രവി എതിർത്തിരുന്നു. ബാലാജിയുടെ വകുപ്പുകളായിരുന്ന വൈദ്യുതി, എക്‌സൈസ് എന്നിവ മറ്റു രണ്ടു മന്ത്രിമാർക്ക് കൈമാറാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗവർണർക്ക് ശുപാർശ നൽകി. ഇത് ഗവർണർ അംഗീകരിച്ചു. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് വകുപ്പ് മുത്തുസ്വാമിയും കൈകാര്യം ചെയ്യും. എന്നാൽ വകുപ്പില്ലാ മന്ത്രിയായി തുടരാൻ ബാലാജിയെ അനുവദിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ നിരാകരിക്കുകയായിരുന്നു. വകുപ്പില്ലാ മന്ത്രിയായി തുടരാൻ സാധിക്കില്ലെന്ന് ഗവർണർ വാർത്താ കുറുപ്പിൽ വ്യക്തമാക്കി. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് സർക്കാർ തീരുമാനം.
ബാലാജിയെ ഹൃദയശസ്ത്രക്രിയക്കായി ആശുപത്രിയിലേക്കു മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റിനു പിന്നാലെ നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സ്വകാര്യാശുപത്രിയായ കാവേരിയിൽ ശസ്ത്രക്രിയ നടത്താൻ അനുവദിക്കണം എന്ന ബാലാജിയുടെ ആവശ്യവും കോടതി അംഗീകരിച്ചു. കോടതി വിധിയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി.
ബിജെപിക്കെതിരെ ഡിഎംകെയും സഖ്യകക്ഷികളും
മന്ത്രി വി സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ബിജെപിയെ ശക്തമായി വിമർശിച്ച് ഡിഎംകെയും സഖ്യകക്ഷികളും. 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാവിപ്പാർട്ടിക്കെതിരെ ദേശീയ മുന്നണി കെട്ടിപ്പടുക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കാനും ഡിഎംകെയെ ഭീഷണിപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത് എന്ന് ഡിഎംകെയും സഖ്യകക്ഷികളും ആരോപിച്ചു. അറസ്റ്റിനെ അപലപിച്ചുകൊണ്ട് ഡിഎംകെയും സഖ്യകക്ഷികളും ചേർന്ന് കോയമ്പത്തൂരിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ നേതാക്കാൾ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
കോയമ്പത്തൂരിൽ കണ്ട ഐക്യം എല്ലായിടത്തും വ്യാപിപ്പിക്കുകയും കള്ളങ്ങളാൽ നിർമിതമായ ബിജെപിയുടെ പ്രതിച്ഛായയുടെ അടിത്തറ ഇളക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബിജെപിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ നേതാക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള പ്രതിപക്ഷ ഐക്യം ബിജെപിയുടെ സ്വേച്ഛാധിപത്യത്തിന്റെ പെട്ടിയിൽ അടിക്കുന്ന അവസാന ആണിയായിരിക്കും എന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇഡി യുടെ പെരുമാറ്റം അനുചിതം
ഇഡി സെന്തിൽ ബാലാജിയോട് പെരുമാറിയത് വളരെ അനുചിതമായ രീതിയിലാണെന്ന് ഡിഎംകെ ട്രഷറർ ടി ആർ ബാലു. 2024 ൽ കേന്ദ്രത്തിൽ പുതിയ ഗവൺമെന്റ് രൂപീകരിച്ച ശേഷം സെന്തിൽ ബാലാജിയോട് ഇഡി എങ്ങനെ പെരുമാറി എന്ന് അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കും എന്ന് ബാലു മുന്നറിയിപ്പ് നൽകി. സെന്തിൽ ബാലാജി കടുത്ത മാനസീകവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും ബാലാജി ആരോപിച്ചു. മൂന്ന് രക്തകുഴലുകളിൽ ബ്ലോക്കുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും എട്ടുദിവസം കൂടി അന്വേഷണത്തിന് വിധേയനാക്കാൻ ഇഡി ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നെന്നും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്നും ബാലാജിയെ മാറ്റി നിർത്താനുള്ള ബിജെപി നീക്കമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ടിഎൻസിസി പ്രസിഡന്റ് കെഎസ് അഴഗിരി, എഡിഎംകെ ജനറൽ സെക്രട്ടറി വൈകോ, സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലാകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, വിസികെ നേതാവ് തോൽ തിരുമാവളവൻ, ഐയുഎംഎൽ നേതാവ് ഖാദർ മൊഹിദീൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.