
ലെബനനില്‍ പേജര്‍, വാക്കി ടോക്കി സ്ഫോടന പരമ്പര; യുദ്ധത്തിന്റെ 'പുതിയ ഘട്ടം' ആരംഭിച്ചതായി ഇസ്രായേല്‍
ലെബനനില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും നടന്ന ആശയവിനിമയ ഉപകരണങ്ങളിലെ സ്ഫോടന പരമ്പരയില്‍ മരണ നിരക്ക് ഉയരുന്നു. ചൊവ്വാഴ്ച പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര് കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച വാക്കി ടോക്കി പൊട്ടിത്തെറിച്ചാണ് 20 പേര് കൊല്ലപ്പെടുകയും 450 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. ഇതേസമയം ഈ സംഭവങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ യുദ്ധത്തിന്റെ 'പുതിയ ഘട്ടം' ആരംഭിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ലെബനനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വാക്കി ടോക്കി സ്ഫോടന പരമ്പര നടന്നത്. പേജറുകള്‍ കൂടാതെ കിഴക്കന്‍ ലെബനനിലെ വിവിധ സ്ഥലങ്ങളില്‍ ലാന്‍ഡ് ഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വയര്‍ലെസ് റേഡിയോ ഉപകരണങ്ങളും വാക്കി-ടോക്കികളും ഏകദേശം അഞ്ച് മാസം മുമ്പ് വാങ്ങിയതാണ്, പേജറുകള്‍ വാങ്ങിയതും ഏകദേശം അതേ സമയത്ത് തന്നെയാണ്.
തെക്കന്‍ ലെബനനിലും ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ചൊവ്വാഴ്ച നടന്ന പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ സംസ്കാര ചടങ്ങിന് സമീപമാണ് സ്ഫോടനങ്ങളിലൊന്ന് നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാന് പിന്തുണയുള്ള ഹിസ്ബുള്ള, ലെബനനിലെ തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങള്‍ക്ക് മുറിവേറ്റ പേജര്‍ സ്ഫോടനത്തിന് ശേഷം, തങ്ങളുടെ തിരിച്ചടിയായി ഇസ്രായേല്‍ പീരങ്കികള്‍ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രായേല്‍ ചാരസംഘടന മൊസാദ് ചൊവ്വാഴ്ചത്തെ സ്ഫോടനങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള ഇറക്കുമതി ചെയ്ത പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി സംശയിക്കുന്നുവെന്ന് മുതിര്‍ന്ന ലെബനന് സുരക്ഷാ വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന പേജര്‍ സംഭവത്തില്‍ ലെബനനിലെ തങ്ങളുടെ സ്ഥാനപതി മൊജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ഹിസ്ബുള്ള, ലെബനനിലെ രാഷ്ട്രീയ-സൈനിക സംവിധാനം ഇറാന് പിന്തുണയുള്ളതുമാണ്. 2023 ഒക്ടോബര്‍ മുതല്‍ നടക്കുന്ന പലസ്തീന് യുദ്ധത്തില്‍ പലസ്തീനിനെയാണ് ഹിസ്ബുള്ള പിന്തുണയ്ക്കുന്നത്.ആക്രമണത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച ഹിസ്ബുള്ള, ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് അവകാശപ്പെട്ടിരുന്നു. പേജറുകളെപ്പോലെ, എല്ലാ വോക്കി-ടോക്കി ഉപകരണങ്ങളും ഒരേ സമയം പൊട്ടിത്തെറിച്ചു എന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്. സ്ഫോടനങ്ങളെ തങ്ങളുടെ ആശയവിനിമയ ശൃംഖലയുടെ 'ഇസ്രായേല്‍ ലംഘനം' എന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പലസ്തീനിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും 'കൂട്ടക്കൊല' യുടെ പ്രതികരണത്തിനായി ഇസ്രായേല്‍ കാത്തിരിക്കണമെന്നും ഹിസ്ബുള്ള പറഞ്ഞു.
തായ്വാന് കമ്പനിയാണ് പേജറുകള്‍ നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ സ്ഥാപനം ഇത് നിഷേധിച്ചു. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന BAC എന്ന കമ്പനിയുടെ ലൈസന്‍സിന് കീഴിലാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചതെന്ന് തായ്വാനീസ് പേജര്‍ നിര്‍മ്മാതാവ് - ഗോള്‍ഡ് അപ്പോളോ പറഞ്ഞു. സ്ഫോടനങ്ങളെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടം ഉള്‍പ്പെടുത്തുന്നതിനായി പലസ്തീന് യുദ്ധത്തിന്റെ ഘടന വിപുലീകരിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രായേല്‍ ഈ പ്രസ്താവന നടത്തിയത്.
ബുധനാഴ്ച യുദ്ധത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ വടക്കന്‍ മുന്നണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുദ്ധത്തിന്റെ 'പുതിയ ഘട്ടം' ആരംഭിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ബുധനാഴ്ച ഇസ്രായേല്‍ സൈനികരോട് സംസാരിച്ച ഗാലന്റ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ലെബനനില്‍ നടന്ന പേജര്‍, വാക്കിടോക്കി സ്ഫോടന പരമ്പരയെ കുറിച്ച് പരാമര്‍ശിച്ചില്ല.
ഇതിനെ കൂട്ടക്കൊല, ക്രിമിനല്‍ ആക്രമണം എന്ന് വിശേഷിപ്പിച്ച ഹിസ്ബുള്ള, ഈ ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഗാസയിലെ ഹമാസിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും പോരാളികളെയും മറ്റുള്ളവരെയും രക്തരൂക്ഷിതരാക്കിയ പേജര്‍ കൂട്ടക്കൊലയ്ക്കുള്ള പ്രതികരണത്തിനായി ഇസ്രായേല്‍ കാത്തിരിക്കണമെന്നും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.