
അയര്‍ലണ്ടിനെതിരായ പരമ്പര: ഹര്‍മന്‍പ്രീതിന് വിശ്രമം; സ്മൃതി മന്ദാന നയിക്കും
അയര്‍ലണ്ടിന് എതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും പേസ് ബൗളര്‍ രേണുക സിങ്ങ് താക്കൂറിനും വിശ്രമം അനുവദിച്ചു. പകരം, സ്മൃതി മന്ദാന ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കും. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി പത്തിനാണ് ആദ്യ ഏകദിനം.
ഇന്ത്യയില്‍ വച്ച് കഴിഞ്ഞ മാസം നടന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ കാല്‍മുട്ടിന് ഹര്‍മന്‍പ്രീതിന് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് രണ്ട് ടി20 മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ടി20ക്കുശേഷം നടന്ന മൂന്ന് ഏകദിനങ്ങള്‍ ഹര്‍മന്‍പ്രീത് കളിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദുബായില്‍ നടന്ന വനിതകളുടെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ 35 വയസ്സുകാരിയായ ഹര്‍മന്‍പ്രീതിന്റെ കഴുത്തിന് പരിക്കേറ്റിരുന്നു.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ പരമ്പരയുടെ താരമായിരുന്നു രേണുക. മൂന്ന് മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രേണുകയ്ക്കും മുമ്പ് പരിക്കേറ്റിട്ടുണ്ട്. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് രേണുകയ്ക്ക് വിശ്രമം നല്‍കിയത്.