
മസ്‌കിന് തിരിച്ചടി; ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ജഡ്ജിക്ക് വിജയം
യുഎസിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ വിസ്‌കോണ്‍സിനിലെ വോട്ടര്‍മാര്‍ സംസ്ഥാന സുപ്രീംകോടതിയിലേക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ജഡ്ജിയെ തിരഞ്ഞെടുത്തു.
കണ്‍സര്‍വേറ്റീവായ ബ്രാഡ് ഷിമെലിനെ സൂസന്‍ ക്രാഫോര്‍ഡ് പരാജയപ്പെടുത്തി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിലെ പരമോന്ന കോടതിയില്‍ ലിബറലുകളുടെ സ്വാധീനം 4-3 എന്ന നിലയില്‍ മാറ്റമില്ലാതെ തുടരും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ഫണ്ട് റെയ്‌സര്‍ ഇലോണ്‍ മസ്‌ക് ആയിരുന്നു. ഇത് ക്രാഫോര്‍ഡിനെ പിന്തുണച്ചിരുന്നവരുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്തു. മസ്‌ക് 20 മില്ല്യണ്‍ ഡോളര്‍ ബ്രാഡ് ഷിമെലിന് സംഭാവന ചെയ്തിരുന്നു. ഇരു സ്ഥാനാര്‍ത്ഥികളും കൂടി 100 മില്ല്യണ്‍ ഡോളറില്‍ അധികം പണം പ്രചാരണത്തിനായി ചെലവഴിച്ചിരുന്നു.
ഈ വിജയത്തിന് വിശാലമായ അനന്തരഫലങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് യുഎസ് കോണ്‍ഗ്രസിലെ അധികാര സംന്തുലനത്തെ വരെ ബാധിക്കാനുള്ള ശേഷിയുണ്ട്.
ഡെയ്ന്‍ കൗണ്ടിയിലെ ജഡ്ജിയായിരുന്ന ക്രാഫോര്‍ഡ് മുമ്പ് പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ സ്വകാര്യ അഭിഭാഷക ആയിരുന്നു. കൂടാതെ, അവര്‍ പ്രചാരണ വേളയില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ചാഞ്ചാടുന്ന സംസ്ഥാനമായ വിസ്‌കോന്‍സിനില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടിനാണ് വിജയിച്ചത്.
യുഎസിലെ നിര്‍ണായകമായ കേസുകളില്‍ വിസ്‌കോന്‍സിനിലെ സുപ്രീംകോടതി നിര്‍ണായക പങ്കുവഹിക്കും.