TMJ
searchnav-menu
post-thumbnail

Representative Image: PTI

TMJ Daily

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം തടവ്; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം

17 May 2023   |   2 min Read
TMJ News Desk

ശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ഏഴു വര്‍ഷംവരെ തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ ആറു മാസവുമായിരിക്കും. 

ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിനു പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. അക്രമങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വിപണിയിലുള്ളതിന്റെ ആറിരട്ടി വരെ നഷ്ടപരിഹാരം ഈടാക്കും. മെഡിക്കല്‍ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്കും നിയമപരിരക്ഷ ലഭിക്കും. സൈബര്‍ ആക്രമണവും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  നിലവിലെ നിയമത്തിലെ സെക്ഷന്‍ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഓര്‍ഡിനന്‍സിലൂടെ ഏഴുവര്‍ഷം വരെ തടവും ഒരുലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് നീക്കം. 

ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ പരാതിയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടുവരും. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ഡോ. വനന്ദ ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തിരമായി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. 

പ്രതി സന്ദീപ് അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ ഡ്യൂട്ടിക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ന്റെതാണ് നടപടി. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 

പ്രതിക്കായി അഡ്വക്കേറ്റ് ബി.എ ആളൂര്‍ ഹാജരായി. ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിനാല്‍ തെളിവു ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള ഓരോ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ 15 മിനിറ്റ് പ്രതിക്ക് തന്റെ അഭിഭാഷകനെ കാണാനുള്ള അനുവാദവും കോടതി നല്‍കി. 

മരണകാരണം ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവ് 

ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഡോ. വന്ദന ദാസിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴത്തിലുള്ള നാലു മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നു. മുതുകിലാണ് കൂടുതല്‍ കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ വത്സലയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇവരില്‍ നിന്നും അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വന്ദനയുടെ തലയില്‍ മാത്രം മൂന്നു തവണയാണ് പ്രതി കുത്തിയത്. ആറു തവണ മുതുകിലും കുത്തേറ്റു. ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവിനൊപ്പം മുതുകിലും തലയിലുമേറ്റ മുറിവുകളും വന്ദനയുടെ മരണത്തിനു കാരണമായി. 

വന്ദനയുടെ മരണത്തില്‍ പോലീസിന് ഗുരുതര വീഴ്ചപറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. സന്ദീപിന്റെ വൈദ്യപരിശോധനയ്ക്കായി രണ്ടു ഹൗസ് സര്‍ജന്‍മാരെ കൂടാതെ രണ്ടു ഡോക്ടര്‍മാര്‍കൂടി ഉണ്ടായിരുന്നു. ചികിത്സാ സമയത്ത് ഈ രണ്ടു ഡോക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും അക്രമം ഉണ്ടായപ്പോള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

അക്രമം, ആക്രമണ ഭയത്താല്‍

ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയില്‍ അക്രമം നടത്തിയതെന്നാണ് സന്ദീപ് പറയുന്നത്. താന്‍ ലഹരിക്ക് അടിമയല്ലെന്നും ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. ആശുപത്രിയില്‍ പരിശോധനയ്ക്കിടെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചു. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനാണ് കത്രികയെടുത്ത് കൈയില്‍ പിടിച്ചത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓര്‍മയുണ്ടെന്നും മരിച്ച വിവരം അറിയില്ലായിരുന്നുവെന്നും പ്രതി പറഞ്ഞു. 

എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അക്രമിച്ചതെന്ന് സന്ദീപ് പറയുന്നത് അന്വേഷണസംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. മെയ് 10 ന് പുലര്‍ച്ചെ 4.30 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാര്‍ക്കൊപ്പം ചികിത്സ തേടിയെത്തിയ സന്ദീപ് കത്രിക കൈവശപ്പെടുത്തി ഡോ വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന പോലീസുകാരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ചികിത്സയുടെ ദൃശ്യങ്ങള്‍ സ്‌കൂളിലെ അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചതായി ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൂന്നു ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങള്‍ ഉള്ളത്.


#Daily
Leave a comment