വിഴിഞ്ഞം തുറമുഖത്തേക്ക് 17 ക്രെയിനുകള്‍കൂടി എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയില്‍ നിന്ന് 17 ക്രെയിനുകള്‍കൂടി എത്തും. ചൈനയിലെ ഷാങ്ഹായില്‍നിന്ന് മാര്‍ച്ച് 16, 31, ഏപ്രില്‍ 10 തീയതികളില്‍ പുറപ്പെടുന്ന കപ്പലുകള്‍ ക്രെയിനുമായി ഏപ്രില്‍ 4, 17, 23 തീയതികളില്‍ വിഴിഞ്ഞത്തെത്തും. 14 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനും നാല് ഷിപ്പ് ടു ഷോര്‍ ക്രെയിനുമാണ് പുതുതായി എത്തുന്നത്. തുറമുഖത്ത് സ്ഥാപിക്കാനാവശ്യമായ 32 ക്രെയിനുകളില്‍ 15 എണ്ണം നേരത്തേ എത്തിയിരുന്നു. ഒക്ടോബര്‍ മുതല്‍ എത്തിച്ച ക്രെയിനുകള്‍ യാര്‍ഡിലും ബെര്‍ത്തിലുമായി സ്ഥാപിക്കുകയും ഇവയുടെ ട്രയല്‍ റണ്ണ് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ 15 ക്രെയിനുമായി നാല് കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു. എട്ട് സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 24 ഷോര്‍ ക്രെയിനുകളും ആണ് തുറമുഖത്തിന് ആവശ്യം. മെയ് മാസത്തില്‍ എല്ലാ ക്രെയിനുകളും തുറമുഖത്ത് സ്ഥാപിക്കാനാവും എന്നാണ് റിപ്പോര്‍ട്ട്.
തുറമുഖ പ്രദേശത്ത് ചുറ്റുമതില്‍കെട്ടി തിരിക്കും
വിഴിഞ്ഞം തുറമുഖ പദ്ധതിപ്രദേശം ചുറ്റുമതില്‍കെട്ടി തിരിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. ചുറ്റുമതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന കുരിശ് മാറ്റി സ്ഥാപിക്കുന്നതില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. കുരിശ് മാറ്റുന്നതിനെക്കുറിച്ച് പള്ളിക്കമ്മിറ്റി അംഗങ്ങള്‍, വൈദികര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അധികാരികളും ജനങ്ങളും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഓരോന്നായി പരിഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നത്. അദാനി ഗ്രൂപ്പാണ് സ്വകാര്യ പങ്കാളി. 2019ല്‍ കമ്മീഷന്‍ ചെയ്യാനിരുന്ന പദ്ധതി സ്ഥലമേറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു. തുറമുഖം തങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.