ചാലിയാറില്‍ 17കാരിയുടെ മുങ്ങി മരണം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍
ചാലിയാറിലെ വട്ടത്തൂര്‍ മുട്ടുങ്ങല്‍ കടവില്‍ 17 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. ഊര്‍ക്കടവ് സ്വദേശിയായ വി.സിദ്ദീഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കരാട്ടെ പരിശീലകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് നല്‍കി നീതിക്കായി പോരാടാന്‍ അവള്‍ തീരുമാനിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫീസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസ്
പ്രതിയായ കരാട്ടെ അധ്യാപകന്‍ നേരത്തെയും പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. പ്രതി മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്‌സോ കേസുകളില്‍ കൂടി പ്രതിയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തിയിരുന്നു. പീഡനത്തെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും സഹോദരിമാര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാര്‍ പുഴയില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്തുവെന്ന് കരുതാവുന്ന അവസ്ഥയിലല്ല പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നത്.