75 രൂപ നാണയം പുറത്തിറക്കുന്നു; പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപ നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ തീരുമാനം. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭത്തിലെ സിംഹവും സത്യമേവ ജയതേ എന്ന വാചകവും നൽകും. അതിനടിയിലായി ദേവനാഗരി ലിപിയിൽ ഭാരത് എന്നും രേഖപ്പെടുത്തും. മറുവശത്ത് പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം നൽകും. അതിന് മുകളിൽ ദേവനാഗരി ലിപിയിൽ സൻസദ് സങ്കുൽ എന്നും താഴെ ഇംഗ്ലീഷിൽ പാർലമെന്റ് മന്ദിരം എന്നും രേഖപ്പെടുത്തും. വൃത്തത്തിൽ 44 മില്ലിമീറ്റർ വ്യാസമുള്ളതാകും നാണയം. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈൻ തയ്യാറാക്കുക എന്ന് കേന്ദ്രം അറിയിച്ചു. 35 ഗ്രാം ഭാരമുള്ള നാണയം 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് എന്നീ ലോഹക്കൂട്ട് കൊണ്ടാണ് നിർമിക്കുക.
പാർലമെന്റ് ഉദ്ഘാടനത്തിൽ ജെഡിഎസ് ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ പങ്കെടുക്കും. രാജ്യത്തിന്റെ സമ്പത്തായ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പങ്കെടുക്കുന്നത്, അതിൽ വ്യക്തിതാൽപര്യം ഇല്ല. നികുതിദായകരുടെ പണം കൊണ്ടാണ് പാർലമെന്റ് നിർമിച്ചത് അത് ബിജെപി-ആർഎസ്എസ് ഓഫീസ് അല്ല. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല, ഇരു സഭകളിലും അംഗമാവുകയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയോട് പ്രതിബദ്ധതയുള്ള വ്യക്തി എന്ന നിലയിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും എന്ന് ദേവഗൗഡ പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിശകലനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കുദേശം പാർട്ടി (ടിഡിപി), വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങി 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാർലമെന്റ്് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്നും പൊതുതാൽപര്യം സംരക്ഷിക്കണമെന്നും ബിഎസ്പി നേതാവ് മായാവതി ട്വീറ്റ് ചെയ്തു.
ഉദ്ഘാടനം പ്രതിപക്ഷപാർട്ടികൾ സംയുക്തമായി ബഹിഷ്‌കരിക്കും.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. 20 പാർട്ടികൾ സംയുക്തമായാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ്പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ഝാർഖണ്ഡ് മുക്തി മോർച്ച, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ എന്നീ പാർട്ടികളാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് പ്രസ്താവന ഇറക്കിയത്. പ്രധാനമന്ത്രിയുടെ തീരുമാനം രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി അപമാനിക്കുന്നതാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷം ആരോപിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കും, പ്രതിപക്ഷ പ്രതിഷേധത്തിൽ കഴമ്പില്ല എന്ന് വാർത്താ സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരം. ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണിത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കും. ബ്രിട്ടീഷ് അധികാരികളിൽ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന് ലഭിച്ച ചരിത്ര പ്രാധാന്യമുള്ള സ്വർണ്ണ ചെങ്കോൽ സ്പീക്കറുടെ സീറ്റിന് സമീപം സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു.
എതിർപ്പുമായി പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റിനെ മറികടക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പുതിയ പാർലമെന്റിന് തറക്കല്ലിട്ടപ്പോൾ മോദി രാഷ്ട്രപതിയെ മറികടന്നു, ഇപ്പോൾ ഉദ്ഘാടന വേളയിലും. ഇത് സ്വീകാര്യമല്ല എന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. പാർലമെന്റ് യോഗം ചേരുന്നത് രാഷ്ട്രപതി യോഗം വിളിച്ചു ചേർത്താൽ മാത്രമാണ്. വർഷം തോറും പാർലമെന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് എന്നും യെച്ചൂരി ട്വീറ്റിൽ കുറിച്ചു.
വിഡി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് പാർലമെന്റ് ഉദ്ഘാടനം നടത്തുന്നതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ''തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമാണ് മോദി സർക്കാർ ദളിത്, ഗോത്രവർഗ വിഭാഗങ്ങളിൽ നിന്ന് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോൾ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ക്ഷണിച്ചില്ല. രാഷ്ട്രപതി മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും രാജ്യത്തെ ഓരോ പൗരനേയും പ്രതിനിധീകരിക്കുന്നത്. രാഷ്ട്രപതി ഉദ്ഘാടനം നിർവഹിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു'' എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനാണ് പാർട്ടിയുടെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. 'പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, അത് പഴയ പാരമ്പര്യങ്ങളും മൂല്യങ്ങളും കീഴ്വഴക്കങ്ങളും നിയമങ്ങളുമുള്ള ഒരു സ്ഥാപനമാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രി മോദിക്ക് അത് മനസ്സിലായില്ല, ഞായറാഴ്ചത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണ്ട എന്ന് ഡെറക് ഒബ്രിയാൻ ട്വീറ്റിൽ കുറിച്ചു.
മെയ് 28 ന് നിശ്ചയിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള ക്ഷണങ്ങൾ മുൻ ലോക്സഭാ, രാജ്യസഭാ അധ്യക്ഷൻമാർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ നേതാക്കൾക്ക് അയച്ചിട്ടുണ്ട്. ഇരുസഭയിലേയും എംപിമാർ, എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാർ, ഇന്ത്യാഗവൺമെന്റിന്റെ എല്ലാ മന്ത്രാലയങ്ങളുടേയും സെക്രട്ടറിമാർ, പാർലമെന്റ് കെട്ടിടത്തിന്റെ ചീഫ് ആർക്കിടെക്റ്റ് ബിമൽ പട്ടേൽ, പ്രശസ്ത വ്യവസായി രത്തൻ ടാറ്റ എന്നിവരെയും കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്. മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസിഡന്റ് ദ്രൗപതി മുർമുവും വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറും അഭിനന്ദന സന്ദേശങ്ങൾ കൈമാറും എന്നാണ് പുറത്തുവരുന്ന വാർത്ത. 2020 ഡിസംബറിൽ നടന്ന പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.
പരിമിതികൾ പരിഹരിച്ച് പുതിയ മന്ദിരം
മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും ചേർന്ന് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കും. പാർലമെന്റിന്റെ ഇപ്പോഴത്തെ കെട്ടിടം 1927 ലാണ് പണിതത്. ഇപ്പോൾ 96 വർഷം പിന്നിടാൻ പോകുന്നു. കെട്ടിടത്തിൽ നിലവിലെ സ്ഥലപരിമിതി, ഇരുസഭകളിലും എംപിമാർക്ക് സിറ്റിംഗ് സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പാർലമെന്റിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ലോക്സഭയും രാജ്യസഭയും പാസാക്കിയത്. തൽഫലമായി, 2020 ഡിസംബർ 10 ന് പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലോക്‌സഭയിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കും യോഗം ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്സഭാ ചേംബറിൽ നടക്കും. ഭാവിയിൽ അംഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 64,500 ചതുരശ്ര മീറ്ററാണ്. 970 കോടി രൂപയാണ് നിർമ്മാണ ചിലവ്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാളാണ് കെട്ടിടത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പും ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രകീർത്തിക്കുന്നതാണ് പാർലമെന്റ് മന്ദിരത്തിന്റെ പ്രമേയം. പ്രധാന കവാടങ്ങൾക്ക് ജ്ഞാന, ശക്തി, കർമ്മ എന്നിങ്ങനെ പേര് നൽകിയിട്ടുണ്ട്. മന്ദിരം പണിതുയർത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശലവിദഗ്ധരേയും ശില്പികളെയും നിയോഗിച്ചിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ 2000 പേർ നേരിട്ടും 9000 പേർ അല്ലാതെയും ഭാഗമായിട്ടുണ്ട്.